Skip to content

കോഹ്ലിയും ബാബറും ബുംറയും ഷഹീനും ഒരു ടീമിൽ ! ആഫ്രോ – ഏഷ്യ കപ്പ് വീണ്ടും തിരിച്ചുവരുന്നു

വിരാട് കോഹ്ലിയും ബാബർ അസമും ഷഹീൻ അഫ്രീദിയും ജസ്പ്രീത് ബുംറയും ഒരേ ടീമിന് കളിക്കുന്ന കാഴ്ച്ച കാണുവാൻ സാധിക്കുമോ ? ഐ പി എല്ലിൽ പാക് താരങ്ങൾ ഇല്ലാത്തതിനാൽ അതിന് സാധിക്കില്ലെന്നായിരിക്കും പലരുടെയും മറുപടി. എന്നാൽ ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും ഒരേ ടീമിന് വേണ്ടി കാഴ്ച്ചയ്ക്ക് വീണ്ടും സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് ലോകം.

റിപ്പോർട്ടുകൾ പ്രകാരം മുടങ്ങികിടന്ന ആഫ്രോ ഏഷ്യൻ കപ്പ് വീണ്ടും പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഇതോടെ ഇന്ത്യൻ താരങ്ങളും പാക് താരങ്ങളും ഒരേ ടീമിന് വേണ്ടി കളിക്കുന്ന കാഴ്ച്ചയ്ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കും. അടുത്ത വർഷം പകുതിയോടെ ആഫ്രോ ഏഷ്യൻ കപ്പ് ഷെഡ്യൂൾ ചെയ്യുവാനാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പദ്ധതിയിടുന്നത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രിക്കറ്റിൻ്റെ ജനപ്രീതി വർധിപ്പിക്കുന്നതിന് വേണ്ടി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷായാണ് മുടങ്ങികിടന്ന ആഫ്രോ ഏഷ്യൻ പദ്ധതി പുനരുജ്ജീവിപ്പിച്ചത്. ഇതിൻ്റെ ഭാഗമായാണ് അടുത്ത വർഷം ആഫ്രോ ഏഷ്യൻ കപ്പ് ഷെഡ്യൂൾ ചെയ്യുവാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തയ്യാറെടുക്കുന്നത്.

( Picture Source : Twitter )

ഇതിനുമുൻപ് 2005 ലും 2007 ലും ആഫ്രോ ഏഷ്യൻ കപ്പ് നടന്നിരുന്നു. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ മുൻ നിര താരങ്ങൾ ഏഷ്യ ഇലവന് വേണ്ടി കളിച്ചപ്പോൾ സൗത്താഫ്രിക്ക, സിംബാബ്വെ, കെനിയ അടക്കമുള്ള രാജ്യങ്ങളിലെ താരങ്ങളാണ് ആഫ്രിക്കൻ ഇലവന് വേണ്ടി കളിച്ചത്. പിന്നീട് ബ്രോഡ്കാസ്റ്റ്, രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം ടൂർണമെൻ്റ് ഉപേക്ഷിക്കുകയായിരുന്നു. ആഫ്രോ ഏഷ്യൻ കപ്പ് വീണ്ടും വരുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ഇരു ക്രിക്കറ്റ് ബോർഡുകളും ധാരണയിൽ എത്തിയാലും രണ്ട് രാജ്യങ്ങളിലെ ഗവൺമെൻ്റ് ഇക്കാര്യത്തിൽ എന്ത് തീരുമാനമായിരിക്കും എടുക്കുകയെന്നത് കണ്ടുതന്നെയറിയണം.

( Picture Source : Twitter )