Skip to content

പുജാര ഭായ് അങ്ങനെ പറഞ്ഞില്ലെങ്കിൽ ഞാൻ സെഞ്ചുറി നേടിയേനെ, സിഡ്നി ടെസ്റ്റിൽ സെഞ്ചുറി നഷ്ടമായതിനെ കുറിച്ച് റിഷഭ് പന്ത്

കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിലെ സിഡ്നി ടെസ്റ്റിൽ തനിക്ക് സെഞ്ചുറി നഷ്ടപെടുത്തിയത് സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയുടെ ഉപദേശമാണെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. ഇന്ത്യ ചരിത്രവിജയം നേടിയ പരമ്പരയെ കുറിച്ചുള്ള ഡോക്യൂമെൻ്ററിയിലാണ് ഇക്കാര്യം റിഷഭ് പന്ത് തുറന്നുപറഞ്ഞത്.

ഇന്ത്യ 2-1 ന് വിജയിച്ച പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് റിഷഭ് പന്തായിരുന്നു. സിഡ്നി ടെസ്റ്റിൽ സെഞ്ചുറിയ്ക്ക് മൂന്ന് റൺ അകലെ 97 റൺസ് നേടിയാണ് പന്ത് പുറത്തായത്. 97 റൺസിൽ നിൽക്കെ തന്നോട് മെല്ലെ കളിക്കുവാൻ പുജാര ആവശ്യപെട്ടുവെന്നും അത് തന്നെ സമ്മർദ്ദത്തിലാക്കിയെന്നും അക്കാര്യം പുജാര പറഞ്ഞില്ലയെങ്കിൽ തീർച്ചയായും സെഞ്ചുറി നേടാൻ തനിക്ക് സാധിക്കുമായിരുന്നുവെന്നും പന്ത് പറഞ്ഞു.

” റിഷഭ് നീ ക്രീസിൽ നിലയുറപ്പിക്കൂ, നമുക്ക് സിംഗിൾസും ഡബിൾസും എടുത്ത് കളിക്കാം, ബൗണ്ടറി നെടേണ്ടതില്ല ” 97 റൺസിൽ നിൽക്കുമ്പോൾ പുജാര പറഞ്ഞതായി പന്ത് വെളിപ്പെടുത്തി.

” അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വളരെയേറെ ദേഷ്യം വന്നു. കാരണം ആ വാക്കുകൾ എന്നെ രണ്ട് ചിന്താഗതിയിലാക്കി. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ പദ്ധതികൾ ഉള്ളപ്പോൾ ഞാനത് വളരെയേറെ ഇഷ്ടപെടുന്നു. മത്സരത്തിൽ ഞങ്ങൾക്ക് നല്ലൊരു താളം കണ്ടെത്തുവാൻ സാധിച്ചിരുന്നു. ആ സമയത്ത് എൻ്റെ മനസ്സിൽ തോന്നിയ ഒരേയൊരു കാര്യം ‘ നാശം എന്താണ് സംഭവിച്ചത്. ഞാൻ സെഞ്ചുറി നേടിയിരുന്നെങ്കിൽ അതെൻ്റെ ഏറ്റവും മികച്ച സെഞ്ചുറി ആയേനെ. ” പന്ത് പറഞ്ഞു.

സെഞ്ചുറി നേടാതെ പുറത്തായതിൽ പന്തിന് പുജാരയോട് ദേഷ്യം തോന്നിയിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെയും വെളിപ്പെടുത്തി.

” നോൺ സ്ട്രൈക്കർ എൻഡിൽ നിന്നുകൊണ്ട് പുജാര അവനോട് മെല്ലെ ബാറ്റ് ചെയ്യുവാൻ ആവശ്യപെടുകയായിരുന്നു. നീ ഇപ്പോൾ 97 ലാണ്, നീ നന്നായി കളിക്കുന്നു, അൽപ്പം വിവേകത്തോടെ കളിച്ചാൽ നിനക്ക് സെഞ്ചുറി നേടാമെന്നും പുജാരയെ പോലെയൊരു പരിചയസമ്പന്നനായ താരം അവനോട് പറഞ്ഞു. എന്നാൽ അവൻ അവൻ്റെ ശൈലിയെ പിന്തുണച്ചു. നിർഭാഗ്യവശാൽ പുറത്താവുകയും ചെയ്തു. ”

” നിരാശയോടെയും ദേഷ്യത്തോടെയുമാണ് അവൻ എത്തിയത്. ‘ പുജാര ഭായ് വന്ന് ഞാൻ 97 റൺസിലാണെന്ന് ഓർമിപ്പിച്ചുവെന്നും, ഞാൻ പോലും അത് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം ഒന്നും പറഞ്ഞില്ലയെങ്കിൽ ഞാൻ സെഞ്ചുറി നേടിയേനെയെന്നും അവൻ ഞങ്ങളോട് പറഞ്ഞു ” രഹാനെ വെളിപ്പെടുത്തി.