Skip to content

ഇത് ലങ്കൻ വീര്യം, ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് വിജയം. മഴമൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 26 റൺസിനാണ് ശക്തരായ ഓസ്ട്രേലിയയെ ശ്രീലങ്ക പരാജയപെടുത്തിയത്. 43 ഓവറിൽ 216 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയക്ക് 189 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

മധ്യനിരയുടെ മോശം പ്രകടനമാണ് ഓസ്ട്രേലിയക്ക് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തിൽ രക്ഷകനായ ഗ്ലെൻ മാക്സ്വെല്ലിന് 25 പന്തിൽ 30 റൺസ് നേടാനെ സാധിച്ചുള്ളൂ. ഡേവിഡ് വാർണർ 51 പന്തിൽ 37 റൺസും സ്റ്റീവ് സ്മിത്ത് 35 പന്തിൽ 28 റൺസും നേടി പുറത്തായി.

ശ്രീലങ്കയ്ക്ക് വേണ്ടി ചാമിക കരുണരത്നെ 47 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ചമീര, ധനഞ്ജയ ഡി സിൽവ, ദുനിത് വെല്ലലഗെ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

( Picture Source : Twitter )

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47.4 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടി നിൽക്കവെയാണ് മഴ കളി തടസപെടുത്തിയത്. പിന്നീട് ബാറ്റിങ് പുനരാരംഭിക്കുവാൻ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നില്ല. തുടർന്ന് മത്സരം 43 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 216 ആയി നിശ്ചയിക്കുകയായിരുന്നു. 41 പന്തിൽ 36 റൺസ് നേടിയ കുശാൽ മെൻഡിസ്, 34 റൺസ് നേടിയ ധനഞ്ജയ ഡി സിൽവ, 36 പന്തിൽ 34 റൺസ് നേടിയ ക്യാപ്റ്റൻ ഷനക എന്നിവരാണ് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്. ഓസ്ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് നാല് വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിലെ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ശ്രീലങ്ക 1-1 ന് ഓസ്ട്രേലിയക്കൊപ്പമെത്തി.

( Picture Source : Twitter )