Skip to content

രോഹിത് ശർമ്മയില്ലെങ്കിൽ ഇനി ഇന്ത്യയെ നയിക്കേണ്ടത് അവനാണ്, ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെ നിർദ്ദേശിച്ച് മുൻ താരം

ഇന്ത്യൻ ടീമിൻ്റെ ഭാവി ക്യാപ്റ്റനെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം വസിം ജാഫർ. രോഹിത് ശർമ്മയില്ലെങ്കിൽ ഇനി ഇന്ത്യയെ നയിക്കേണ്ടത് കെ എൽ രാഹുലോ റിഷഭ് പന്തോ അല്ലെന്നും ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെയാണ് ഇനി ഇന്ത്യയുടെ ക്യാപ്റ്റനാക്കേണ്ടതെന്നും വസീം ജാഫർ പറഞ്ഞു. സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ രോഹിത് ശർമ്മയില്ലാത്തതിനാൽ കെ എൽ രാഹുലിനെയാണ് ഇന്ത്യ ക്യാപ്റ്റനായി നിയമിച്ചിരുന്നത്. കെ എൽ രാഹുലിന് പരിക്ക് പറ്റിയതോടെ ക്യാപ്റ്റൻ സ്ഥാനം പന്തിന് ബിസിസിഐ നൽകിയത്.

അയർലൻഡിനെതിരായ പരമ്പരയിൽ പന്തില്ലാത്തതിനെ തുടർന്നാണ് ക്യാപ്റ്റൻ സ്ഥാനം ഹാർദിക് പാണ്ഡ്യയ്ക്ക് ലഭിച്ചത്. അടുത്ത മാസം ഇംഗ്ലണ്ടുമായി ടെസ്റ്റ് മത്സരം നടക്കുന്നതിനാലാണ് പന്തിനെ പരമ്പരയിൽ പരിഗണിക്കാതിരുന്നത്. ജൂൺ 20 ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും കോച്ച് രാഹുൽ ദ്രാവിഡിനുമൊപ്പം പന്ത് ഇംഗ്ലണ്ടിലേക്ക് തിരിക്കും.

” അത് ഹാർദിക് തീർച്ചയായും അർഹിക്കുന്നു (ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം). മുന്നോട്ട് പോകുമ്പോൾ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയെ അവൻ നയിക്കുന്നത് സെലക്ടർമാർ ഗൗരവമായി കാണണം. രോഹിത് ശർമ്മയില്ലെങ്കിൽ എൻ്റെ അഭിപ്രായത്തിൽ ഇന്ത്യയെ നയിക്കേണ്ടത് അവനാണ്. ഐ പി എല്ലിൽ അവൻ ടീമിനെ നയിച്ച രീതി, അവൻ്റെ പ്രകടനം, ഉത്തരവാദിത്വം ഏറെ ഇഷ്ടപെടുന്ന ഒരാളാണ് അവൻ. മുൻപോട്ട് പോകുമ്പോൾ രോഹിത് ശർമ്മ കഴിഞ്ഞാൽ ഫസ്റ്റ് ചോയ്സ് ക്യാപ്റ്റൻ അവനായിരിക്കണം. ” വസിം ജാഫർ പറഞ്ഞു.

” രോഹിത് ശർമ്മ കളിക്കുകയാണെങ്കിൽ ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കളിക്കാരിൽ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കുന്ന ഒരാളാണ് ഹാർദിക്. എല്ലാവരെയും സമ്മർദ്ദമില്ലാതെ കളിക്കുവാൻ അവൻ അനുവദിക്കുന്നു. അതുകൊണ്ട് രോഹിത് ശർമ്മയ്ക്ക് ശേഷം ഇന്ത്യയെ നയിക്കേണ്ടത് അവനാണ്. ” വസീം ജാഫർ കൂട്ടിചേർത്തു.

ക്യാപ്റ്റനായുള്ള ആദ്യ ഐ പി എൽ സീസണിൽ തന്നെ ടീമിന് കിരീടം നേടികൊടുക്കുവാൻ ഹാർദിക് പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. ഇപ്പോൾ അയർലൻഡിനെതിരായ പരമ്പരയോടെ ഇന്ത്യൻ ക്യാപ്റ്റനായും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ഹാർദിക്.