Skip to content

കളിക്കാർ പണത്തിന് വേണ്ടി മാത്രമാണ് കളിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല, അവരാരും അങ്ങനെയല്ലായിരുന്നു : സൗരവ് ഗാംഗുലി

ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും സമ്പന്നമായ കയികവിനോദങ്ങളിൽ ഒന്നായി മാറിയെങ്കിലും ഇപ്പോഴും കളിക്കാർ പണത്തിന് വേണ്ടിയാണ് മാത്രമാണ് കളിക്കുന്നതെന്ന് താൻ കരുതുന്നില്ലയെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഐ പി എൽ പോലെയുള്ള ലീഗുകൾ കളിക്കാരിൽ അന്താരാഷ്ട്ര ക്രിക്കറ്റിനോട് താൽപ്പര്യം ഇല്ലാതാക്കുമോയെന്ന ചോദ്യത്തിനോട് പ്രതികരിക്കവെയാണ് ദ്രാവിഡ്, സുനിൽ ഗവാസ്കർ, അനിൽ കുംബ്ലെ എന്നിവരെ ഉദാഹരണമായി ഗാംഗുലി ചൂണ്ടികാട്ടിയത്.

റെക്കോർഡ് വിലയ്ക്കാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐ പി എൽ മീഡിയ റൈറ്റ്സ് വിറ്റുപോയത്. ഒരു മത്സരത്തിൽ നിന്നും മാത്രം 115 കോടിയിലധികം രൂപയാണ് മീഡിയ റൈറ്റ്സ് വഴി ലഭിക്കുക. മീഡിയ റൈറ്റ്സിലെ ഈ കുതിച്ചുചാട്ടം കളിക്കാരുടെ സാലറിയിലും പ്രകടമാകും. സാലറി ക്യാപ് വരും സീസണുകളിൽ ബിസിസിഐ വർധിപ്പിക്കുമെന്നാണ് നിരീഷകർ ചൂണ്ടികാട്ടുന്നത്.

” ആദ്യം തന്നെ പറയട്ടെ പണം പ്രകടനങ്ങളുമായി ബന്ധമില്ല. ഇപ്പോഴത്തെ കളിക്കാർക്ക് ലഭിക്കുന്ന പണത്തിൻ്റെ അടുത്തുപോലും സുനിൽ ഗാവസ്കറുടെ കാലത്തോ അനിൽ കുംബ്ലെയുടെ കാലത്തോ രാഹുൽ ദ്രാവിഡിൻ്റെ കാലത്തോ ലഭിച്ചിരുന്നില്ല. പക്ഷേ അവർക്കെല്ലാം മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. ”

” കളിക്കാർ പണത്തിന് വേണ്ടി കളിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയെ പ്രതിനിധീകിക്കുന്നതിൻ്റെ അഭിമാനത്തിനും ഉയർച്ചയ്ക്കും വേണ്ടിയാണ് കളിക്കാർ കളിക്കുന്നത്. എല്ലാ കളിക്കാരും വലിയ അന്താരാഷ്ട്ര ടൂർണമെൻ്റുകൾ വിജയിക്കാൻ ആഗ്രഹിക്കുന്നു. ” ഗാംഗുലി പറഞ്ഞു.

” ഈ മീഡിയ റൈറ്റ്സിന് വേണ്ടിയുളള പദ്ധതികൾ രണ്ട് വർഷം മുൻപേ ഞങ്ങൾ തുടങ്ങിയിരുന്നു. അത് സൂക്ഷ്മതയോടെ പൂർത്തിയാക്കുവാൻ സാധിച്ചു. ഇന്ത്യൻ ക്രിക്കറ്റിന് ഇത് മികച്ച വർഷമാണ്. ആഭ്യന്തര സീസൺ പൂർത്തിയാക്കി. സ്റ്റേഡിയങ്ങളിൽ നിറഞ്ഞ സദസ്സുകൾ തിരികെ ലഭിച്ചു. ഐ പി എൽ മനോഹരമായി നടത്തുവാൻ ഞങ്ങൾക്ക് സാധിച്ചു. ഇപ്പോൾ ഈ മീഡിയ റൈറ്റ്സും. മീഡിയ റൈറ്റ്സ് സ്വന്തമാക്കിയ ഡിസ്നി സ്റ്റാറിനും വിയാകോമിനും ടൈംസ് ഇൻ്റർനെറ്റിനും അഭിനന്ദങ്ങൾ. ” ഗാംഗുലി പറഞ്ഞു.