Skip to content

രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറി, യൂനിസ് ഖാനെയും സുനിൽ ഗവാസ്കറെയും വീഴ്ത്തി ജോ റൂട്ട്, ഇനി മുന്നിൽ സ്റ്റീവ് വോ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ ഫോം തുടരുകയാണ് ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോ റൂട്ട്. ലോർഡ്സ് ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ ടെസ്റ്റിൽ 10000 റൺസ് പൂർത്തിയാക്കിയ റൂട്ട് ട്രെൻഡ് ബ്രിഡ്ജിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലും തകർപ്പൻ സെഞ്ചുറി കുറിച്ചു. സെഞ്ചുറിയോടെ ഇതിഹാസ താരങ്ങളെ പിന്നിലാക്കിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 27 ആം സെഞ്ചുറിയാണ് ട്രെൻഡ് ബ്രിഡ്ജിൽ ജോ റൂട്ട് കുറിച്ചത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിലവിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ സ്റ്റീവ് സ്മിത്തിനും വിരാട് കോഹ്ലിയ്ക്കുമൊപ്പം ജോ റൂട്ടെത്തി.

മത്സരത്തിലെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ 118 മത്സരങ്ങളിൽ നിന്നും 10,099 റൺസ് നേടിയ മുൻ പാക് താരം യൂനിസ് ഖാനെയും 125 മത്സരങ്ങളിൽ നിന്നും 10,122 റൺസ് നേടിയ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറെയും ജോ റൂട്ട് പിന്നിലാക്കി.

മൂന്നാം ദിനം കളി നിർത്തുമ്പോൾ 200 പന്തിൽ 163 റൺസുമായി ക്രീസിലുള്ള ജോ റൂട്ട് 119 മത്സരങ്ങളിൽ നിന്നും 10,178 റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ നിലവിൽ പന്ത്രണ്ടാം സ്ഥാനത്താണ് ജോ റൂട്ടുള്ളത്. 168 മത്സരങ്ങളിൽ നിന്നും 10927 റൺസ് നേടിയ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോയാണ് ജോ റൂട്ടിന് തൊട്ടുമുൻപിലുള്ളത്.

( Picture Source : Twitter )

101 മത്സരങ്ങളിൽ നിന്നും 8043 റൺസ് നേടിയ വിരാട് കോഹ്ലിയും 85 മത്സരങ്ങളിൽ നിന്നും 8010 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് നിലവിലെ താരങ്ങളിൽ ജോ റൂട്ടിന് ശേഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത്.

( Picture Source : Twitter )