Skip to content

ക്ലാസിക് ക്ലാസൻ, രണ്ടാം ടി20 യിൽ ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം. ഹെയ്ൻറിച്ച് ക്ലാസൻ്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യയെ 4 വിക്കറ്റിന് സൗത്താഫ്രിക്ക തകർത്തത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 149 റൺസിൻ്റെ വിജയലക്ഷ്യം 18.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു.

( Picture Source : Twitter )

പവർപ്ലേയിൽ മൂന്നോവറിൽ 10 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ സൗത്താഫ്രിക്കയെ സമ്മർദ്ദത്തിലാക്കിയെങ്കിലും അത് മുതലാക്കുവാൻ മറ്റുള്ള ബൗളർമാർക്ക് സാധിച്ചില്ല. നാലാം വിക്കറ്റിൽ 64 റൺസ് കൂട്ടിച്ചേർത്ത ക്ലാസനും ക്യാപ്റ്റൻ ബാവുമയുമാണ് സൗത്താഫ്രിക്കയെ മത്സരത്തിൽ തിരിച്ചെത്തിച്ചത്.

ബാവുമ 30 പന്തിൽ 35 റൺസ് നേടിയപ്പോൾ ഡീകോക്കിന് പകരക്കാരനായി ടീമിലെത്തിയ ക്ലാസൻ 46 പന്തിൽ 7 ഫോറും 5 സിക്സുമടക്കം 81 റൺസ് നേടി പുറത്തായി. ഡേവിഡ് മില്ലർ 15 പന്തിൽ പുറത്താകാതെ 20 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

( Picture Source : Twitter )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി 21 പന്തിൽ 30 റൺസ് നേടിയ ദിനേശ് കാർത്തിക്കും 21 പന്തിൽ 34 റൺസ് നേടിയ ഇഷാൻ കിഷനും 40 റൺസ് നേടിയ ശ്രേയസ് അയ്യരും മാത്രമാണ് തിളങ്ങിയത്. പന്ത് 7 പന്തിൽ 5 റൺസും ഹാർദിക് പാണ്ഡ്യ 12 പന്തിൽ 9 റൺസും നേടി പുറത്തായി.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി നോർകിയ രണ്ട് വിക്കറ്റും കഗിസോ റബാഡ, വെയ്ൻ പാർനൽ, പ്രെട്ടോറിയസ്, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് മുൻപിലെത്തി. ജൂൺ 14 ന് വിശാഖപട്ടണത്താണ് പരമ്പരയിലെ മൂന്നാം മത്സരം.

( Picture Source : Twitter )