Skip to content

ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വരുമാനം ഐ പി എല്ലിനുണ്ട്, ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി

ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വരുമാനം ഇന്ത്യൻ പ്രീമിയർ ലീഗ് ഉണ്ടാക്കുന്നുണ്ടെന്ന് ബിസിസിഐ പ്രസിഡൻ്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ് ഗാംഗുലി. ഇന്ന് ഐ പി എൽ മീഡിയ റൈറ്റ്സ് ലേലം നടക്കാനിരിക്കെയാണ് ക്രിക്കറ്റിൻ്റെ വളർച്ചയിൽ ഗാംഗുലി അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയത്.

2008 ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ലീഗുകളിൽ ഒന്നാണ്. കൂടാതെ നിലവിൽ ഏറ്റവും ലാഭകരമായി തുടരുന്ന സ്പോർട്സ് ലീഗുകളിൽ ഒന്ന് കൂടിയാണ് ഐ പി എൽ.

” ക്രിക്കറ്റിൻ്റെ വളർച്ച ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. എന്നെ പോലെയുള്ള താരങ്ങൾ തുടക്കത്തിൽ ആയിരങ്ങൾ മാത്രമാണ് സമ്പാദിച്ചിരുന്നത്. എന്നാൽ ക്രിക്കറ്റ് ഇപ്പോൾ കോടികൾ സമ്പാദിക്കാൻ സാധ്യതയുള്ള ഗെയിമായി മാറികഴിഞ്ഞു. ഈ ഗെയിമിനെ വളർത്തിയെടുത്തത് ആരാധകരും ഈ രാജ്യത്തെ ജനങ്ങളും ക്രിക്കറ്റ് ആരാധകർ രൂപീകരിച്ച ബിസിസിഐയുമാണ്. ”

” ക്രിക്കറ്റ് ഇപ്പോൾ ശക്തമാണ്. അത് വികസിച്ചുകൊണ്ടേയിരിക്കുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ വരുമാനം ഇപ്പോൾ ഐ പി എൽ ഉണ്ടാക്കുന്നു. ഞാൻ വളരെയേറെ ഇഷ്ടപെടുന്ന കായികവിനോദം വളരെ ശക്തമായി മാറിയതിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നു. ” സൗരവ് ഗാംഗുലി പറഞ്ഞു.

പണത്തിൻ്റെ കാര്യത്തിൽ മാത്രമല്ല കഴിവുള്ള ഒരുപാട് താരങ്ങളെ ഇന്ത്യൻ ടീമിന് സമ്മാനിക്കാൻ ഐ പി എല്ലിന് സാധിച്ചിട്ടുണ്ട്. ഐ പി എല്ലിൻ്റെ ചുവടുപിടിച്ച് മറ്റു രാജ്യങ്ങളും ക്ലബ്ബ് ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകുവാൻ ഒരുങ്ങുകയാണ്. യു എ ഇയിൽ ആരംഭിക്കാനിരിക്കുന്ന ടി20 ലീഗിൽ ഐ പി എൽ ഫ്രാഞ്ചൈസികളായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയിൽ നടക്കാനിരിക്കുന്ന ടി20 ലീഗിലും ഷാരൂഖ് ഖാൻ്റെ നൈറ്റ് റൈഡേഴ്സ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിട്ടുണ്ട്.