Skip to content

ക്യാപ്റ്റൻസി അരങ്ങേറ്റത്തോടെ അപൂർവ്വ പട്ടികയിൽ രാഹുൽ ദ്രാവിഡിനും എം എസ് ധോണിയ്ക്കുമൊപ്പം സ്ഥാനം പിടിച്ച് റിഷഭ് പന്ത്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് റിഷഭ് പന്ത്. ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ 16 പന്തിൽ 29 റൺസ് നേടിയാണ് പന്ത് പുറത്തായത്. കെ എൽ രാഹുൽ പരിക്ക് മൂലം പുറത്തായതോടെയാണ് പരമ്പരയിൽ പന്തിനെ ക്യാപ്റ്റനായി നിയമിച്ചത്. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചതോടെ രാഹുൽ ദ്രാവിഡിനും എം എസ് ധോണിയ്ക്കുമൊപ്പം അപൂവ്വ ലിസ്റ്റിൽ സ്ഥാനം നേടുവാൻ പന്തിന് സാധിച്ചു.

( Picture Source : BCCI )

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്ന നാലാമത്തെ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. സയ്ദ് കിർമാണി, രാഹുൽ ദ്രാവിഡ്, എം എസ് ധോണി എന്നിവരാണ് ഇതിനുമുൻപ് ഇന്ത്യൻ ക്യാപ്റ്റന്മാരായിട്ടുള്ള വിക്കറ്റ് കീപ്പർമാർ.

അന്താരാഷ്ട്ര ടി20 യിൽ ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ക്യാപ്റ്റനാണ് റിഷഭ്. 26 ആം വയസ്സിൽ ഇന്ത്യയെ നയിച്ച മഹേന്ദ്ര സിങ് ധോണിയെയാണ് പന്ത് പിന്നിലാക്കിയത്. 23 ആം വയസ്സിൽ ഇന്ത്യൻ ക്യാപ്റ്റനായ സുരേഷ് റെയ്നയാണ് ഈ നേട്ടത്തിൽ പന്തിന് മുൻപിലുള്ളത്.

( Picture Source : BCCI )

മത്സരത്തിൽ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് അടിച്ചുകൂട്ടി. സൗത്താഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടി20 സ്കോറാണിത്. 48 പന്തിൽ 76 റൺസ് നേടിയ ഇഷാൻ കിഷൻ, 27 പന്തിൽ 36 റൺസ് നേടിയ ശ്രേയസ് അയ്യർ, 16 പന്തിൽ 29 റൺസ് നേടിയ റിഷഭ് പന്ത്, 12 പന്തിൽ 31 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : BCCI )