Skip to content

സെഞ്ചുറി നേടിയ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് സഹതാരത്തിന് നൽകി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം : വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക് ക്യാപ്റ്റൻ ബാബർ അസം പുറത്തെടുത്തത്. പാകിസ്ഥാൻ അഞ്ച് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ സെഞ്ചുറി നേടിയ ബാബർ അസമിനെയാണ് സംഘാടകർ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് മാൻ ഓഫ് ദി മാച്ച് സ്വീകരിക്കാതിരുന്ന ബാബർ മത്സരത്തിൽ 23 പന്തിൽ 41 റൺസ് നേടിയ ഖുഷ്ദിൽ ഷായ്ക്ക് അവാർഡ് കൈമാറി.

ഏകദിന കരിയറിലെ തൻ്റെ പതിനേഴാം സെഞ്ചുറി നേടിയ ബാബർ അസം 107 പന്തിൽ 103 റൺസ് നേടിയാണ് പുറത്തായത്. ബാബർ അസമിനൊപ്പം 65 റൺസ് നേടിയ ഇമാം ഉൾ ഹഖും 59 റൺസ് നേടിയ മൊഹമ്മദ് റിസ്വാനും തിളങ്ങിയിരുന്നു. 23 പന്തിൽ ഒരു ഫോറും 4 സിക്സും നേടിയ ഖുഷ്ദിൽ ഷായാണ് അവസാന ഓവറുകളിൽ തകർത്തടിച്ചുകൊണ്ട് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്.

വീഡിയോ ;

മത്സരത്തിലെ സെഞ്ചുറിയോടെ നിരവധി റെക്കോർഡുകളും ബാബർ അസം സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിലെ തൻ്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണ് ബാബർ അസം നേടിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ രണ്ട് തവണ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് ബാബർ സ്വന്തമാക്കി. ഇതിനുമുൻപ് 2016 ൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ബാബർ സെഞ്ചുറി നേടിയിരുന്നു.

( Picture Source : Twitter )

മത്സരത്തിൽ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി ആയിരം റൺസും ബാബർ അസം പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയ ബാറ്റ്സ്മാൻ കൂടിയാണ് ബാബർ. വെറും 13 ഇന്നിങ്സിൽ നിന്നുമാണ് ബാബർ അസം ഈ നാഴികക്കല്ല് പിന്നിട്ടത്.

( Picture Source : Twitter )