Skip to content

മറ്റുള്ളവരേക്കാൾ കൂടുതൽ ഷോട്ടുകൾ അവൻ്റെ പക്കലുണ്ട്, ലോകകപ്പ് ടീമിൽ അവൻ വേണം, സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപെടുത്തണമെന്ന നിർദ്ദേശം മുൻപോട്ട് വെച്ച് മുൻ ഇന്ത്യൻ ഹെഡ് രവി ശാസ്ത്രി. പേസും ബൗൺസും നിറഞ്ഞ ഓസ്ട്രേലിയൻ പിച്ചുകളിൽ അപകടകാരിയാകുവാൻ സഞ്ജുവിന് സാധിക്കുമെന്നും മറ്റേതൊരു ഇന്ത്യൻ താരത്തേക്കാൾ കൂടുതൽ ഷോട്ടുകൾ സഞ്ജുവിൻ്റെ പക്കലുണ്ടെന്നും രവി ശാസ്ത്രി അഭിപ്രായപെട്ടു.

” ഷോർട്ട് ബോളുകൾ കളിക്കാനുള്ള കഴിവുകൾ ലോകകപ്പിന് മുൻപുള്ള 20 മത്സരങ്ങളിൽ പരിശോധിക്കപെടും. രാഹുൽ ത്രിപതി, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ എന്നിവർക്ക് ടീമിൽ ഇടം നേടുവാൻ അവസരമുണ്ടാകും. ചിലപ്പോൾ തിലക് വർമ്മയ്ക്ക് പോലും അവസരം ലഭിച്ചുവെന്ന് വരാം.

” പക്ഷേ ബൗൺസും പേസുമുള്ള ഓസ്ട്രേലിയയിലെ സാഹചര്യങ്ങളിലേക്ക് നോക്കിയാൽ കട്ട് ഷോട്ടും പുൾ ഷോട്ടുകളുമായി അപകടകാരിയാകുവാൻ സഞ്ജുവിന് സാധിക്കും. പേസ് ഇഷ്ടപെടുന്ന ബാറ്റ്സ്മാനാണ് സഞ്ജു ഇന്ത്യയ്ക്ക് വിജയം നേടികൊടുക്കുവാൻ അവന് സാധിക്കും. ഈ സാഹചര്യങ്ങളിൽ മറ്റേതൊരു ഇന്ത്യൻ ബാറ്റ്സ്മാനേക്കാൾ ഷോട്ടുകൾ അവൻ്റെ പക്കലുണ്ട്. ” രവി ശാസ്ത്രി പറഞ്ഞു.

ഈ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ച സഞ്ജു 17 മത്സരങ്ങളിൽ നിന്നും 146.79 സ്ട്രൈക്ക് റേറ്റിൽ 458 റൺസ് നേടിയിരുന്നു. എന്നാൽ സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ സ്ഥാനം ഉറപ്പിക്കുവാൻ സഞ്ജുവിന് സാധിച്ചില്ല. എന്നാൽ ടി20 ലോകകപ്പിന് മുൻപായി ഇനിയുമേറെ മത്സരങ്ങൾ നടക്കാനിരിക്കെ ടീമിലിടം നേടുവാനുളള അവസരങ്ങൾ സഞ്ജുവിന് മുൻപിലുണ്ട്. ജോലിഭാരം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി പല താരങ്ങൾക്കും ബിസിസിഐ ഇനിയുള്ള മത്സരങ്ങളിൽ വിശ്രമം നൽകിയേക്കും. ഈ മാസം അയർലൻഡിനെതിരെ നടക്കാനിരിക്കുന്ന ടി20 പരമ്പരയിൽ സഞ്ജു അടക്കമുള്ള താരങ്ങൾക്ക് ബിസിസിഐ അവസരം നൽകിയേക്കും.