Skip to content

രോഹിതിന്റെ ബാറ്റ് ശബ്‌ദിച്ചു തുടങ്ങിയാൽ ഏതു ചരിത്രവും വഴിമാറും

ദക്ഷിണാഫ്രിക്കയിലെ പോർട്ട് എലിസബത്തിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ജോർജ്ജസ് മൈതാനത്തിന് ഒരു കുപ്രസിദ്ധിയുണ്ടായിരുന്നു.ഫ്ലഡ് ലിറ്റ് വളരെ മോശമായിരുന്നു.രാത്രിയിൽ ബാറ്റ് ചെയ്യുന്ന ടീമുകൾക്ക് തെരുവുവിളക്കിൻ്റെ ചുവട്ടിൽ കളിക്കുന്നതുപോലെ അനുഭവപ്പെടുമായിരുന്നു ! ചില രാവുകളിലെ മഞ്ഞുവീഴ്ച്ച കൂടിയാവുമ്പോൾ റൺചേസ് അതീവ ദുഷ്കരമാകുമായിരുന്നു.അതിനാൽ അവിടെ ടോസ് നേടുന്ന ക്യാപ്റ്റൻമാർ സന്തോഷപൂർവ്വം ബാറ്റിങ്ങ് തിരഞ്ഞെടുക്കാറാണ് പതിവ്.

കാലം മാറി.ഇന്ന് അതേ ഗ്രൗണ്ടിലെ ഫ്ലഡ് ലിറ്റ് രാജ്യത്തിലെ തന്നെ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.അതുകൊണ്ടുതന്നെ അഞ്ചാം ഏകദിനമത്സരത്തിൽ എയ്ഡൻ മാർക്രം ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോൾ നെറ്റികൾ ചുളിഞ്ഞില്ല.പുതിയ മുഖവുമായി നിൽക്കുന്ന സെൻ്റ് ജോർജ്ജസ് പാർക്കിന് വെളിച്ചം ഒരു പ്രശ്നമായിരുന്നില്ല.
പക്ഷേ ഇന്ത്യൻ ടീമിൻ്റെ ഒാപ്പണറിൽ നിന്ന് വെളിച്ചം അകന്നുനിൽക്കുകയായിരുന്നു.അയാൾക്കുചുറ്റും മോശം പ്രകടനങ്ങളുടെ അന്ധകാരം വ്യാപിച്ചിരിക്കുകയായിരുന്നു.ക്രിക്കറ്റ് ലോകത്തിൻ്റെ നോട്ടം രോഹിത് ഗുരുനാഥ് ശർമ്മയുടെ ഇടതുകാലിലേക്കായിരുന്നു ! ഡെലിവെറി ഏതായാലും ഒരേയൊരു ദിശയിലേക്ക് മാത്രം സഞ്ചരിക്കുന്ന ശർമ്മയുടെ ഫ്രണ്ട്ഫൂട്ടാണ് അയാളുടെ ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് ക്രിക്കറ്റ് പണ്ഡിതരും മുൻതാരങ്ങളും വിധിയെഴുതി.ദക്ഷിണാഫ്രിക്കൻ മണ്ണിലെ തുടർപരാജയങ്ങൾ കടുത്ത രോഹിത് ആരാധകരെപ്പോലും ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ആദ്യ ദ്വിരാഷ്ട്ര പരമ്പര വിജയം എന്ന ചരിത്രനേട്ടത്തിലേക്കായിരുന്നു ഇന്ത്യയുടെ പ്രയാണം.പക്ഷേ ഒരു ചരിത്രം കുറിക്കാൻ മറ്റൊരു ചരിത്രം തിരുത്തണമായിരുന്നു.പോർട്ട് എലിസബത്തിലെ ഇന്ത്യയുടെ റെക്കോർഡ് ദയനീയമായിരുന്നു.അവിടെ കളിച്ച അഞ്ച് ഏകദിനങ്ങളിലും ഇന്ത്യ തോൽവി രുചിച്ചിരുന്നു.പക്ഷേ ക്രിക്കറ്റ് പ്രേമികൾക്ക് ഒരു കാര്യത്തിൽ തീർച്ചയുണ്ടായിരുന്നു.ശർമ്മയുടെ ബാറ്റ് ശബ്ദിച്ചുതുടങ്ങിയാൽ ഏതു ചരിത്രവും വഴിമാറും !
മോശം ഫോമിലുള്ള ബാറ്റ്സ്മാൻമാരെ  സംബന്ധിച്ചിടത്തോളം പേടിസ്വപ്നമായിരുന്നു ആ പിച്ച്.പലരും പല രീതിയിലാണ് ആ പ്രതലത്തെ വായിച്ചെടുത്തത്.പിച്ചിലെ പുല്ല് ഫാസ്റ്റ് ബൗളർമാരെ തുണയ്ക്കുമെന്ന് മൈക്കൽ ഹോൾഡിങ്ങ് അഭിപ്രായപ്പെട്ടപ്പോൾ കെപ്ലർ വെസൽസ് ”സ്ലോ പിച്ച് ” എന്ന വാക്കാണ് ഉപയോഗിച്ചത്.വിള്ളലുകൾ മൂലം പന്ത് ടേൺ ചെയ്യും എന്ന് ഷോൺ പോളക്ക് പ്രവചിച്ചപ്പോൾ നീൽ മക്കെൻസി പ്രതീക്ഷിച്ചത് നല്ല സ്വിങ്ങ് ആണ്!ശർമ്മയുടെ മനസ്സിലും ഈ പിച്ചിൻ്റെ സ്വഭാവത്തെക്കുറിച്ച് സംശയങ്ങളുയർന്നിട്ടുണ്ടാവാം.പക്ഷേ കളർ ജഴ്സിയണിഞ്ഞ രോഹിത് ശർമ്മ,രോഹിത് ശർമ്മയായിത്തന്നെ ബാറ്റ് ചെയ്യാൻ തീരുമാനിച്ചാൽ കണ്ടീഷൻസ് പ്രധാനമല്ല.അതാണ് തുടർന്നുള്ള മണിക്കൂറുകളിൽ നാം കണ്ടത്.

ഒരേസമയം രണ്ടു യുദ്ധങ്ങളാണ് ശർമ്മ നയിച്ചത്.ആദ്യത്തേത് പ്രോട്ടിയാസിനെതിരെ.രണ്ടാമത്തേത് ആറു തവണ ശർമ്മയെ വീഴ്ത്തിയ കഗീസോ റബാഡയ്ക്കെതിരെ !റബാഡയുടെ രണ്ടാമത്തെ പന്ത് മണിക്കൂറിൽ 142 കിലോമീറ്റർ വേഗത്തിലാണ് എത്തിയത്.ഡെലിവെറിയുടെ മൂവ്മെൻ്റിനു മുമ്പിൽ രോഹിത് പതറി.സ്കോർബോർഡിനു മുകളിലൂടെ വീശിയടിച്ചിരുന്ന കാറ്റ് ബൗളർമാരെ സഹായിച്ചിരുന്നു.റബാഡയുടെ മുഖത്ത് ഒരു പരിഹാസച്ചിരി വിരിഞ്ഞു.കഴിഞ്ഞ കളി നടന്ന വാണ്ടറേഴ്സുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ ബൗൺസ് കുറവും പേസ് കൂടുതലും ആയിരുന്നു.ഇതെല്ലാം അതിവേഗത്തിൽ മനസ്സിലാക്കി അഡ്ജസ്റ്റ് ചെയ്യുക എന്ന അത്ര എളുപ്പമല്ലാത്ത ദൗത്യമാണ് ശർമ്മയ്ക്കുണ്ടായിരുന്നത്.
റബാഡ കൂടുതൽ വേഗത്തിൽ പന്തെറിഞ്ഞു.അടുത്ത നിമിഷം അയാൾ കാണുന്നത് തനിക്കു നേരെ കുതിച്ചുചാടുന്ന ശർമ്മയെയാണ്.ഫാസ്റ്റ് ബൗളർ നോക്കിനിൽക്കെ ആ വെള്ള കുക്കാബുറ പന്ത് മിഡ്-ഒാണിനു മുകളിലൂടെ പറന്ന് ഗാലറിയിലെ മേൽക്കൂരയിലിടിച്ച് താഴെ വീണു-സിക്സർ ! മുറിവേറ്റ റബാഡയുടെ അടുത്ത പന്ത് ശർമ്മയുടെ മർമ്മഭാഗത്താണ് പതിച്ചത്.പക്ഷേ ശരീരം വേദനിച്ചപ്പോഴും ശർമ്മ പുഞ്ചിരിക്കുകയായിരുന്നു !അയാൾ പൂർണ്ണമായും പോരിന് സജ്ജനായിക്കഴിഞ്ഞിരുന്നു !
ശിഖർ ധവാനു വേണ്ടി പ്രോട്ടിയാസ് ഒരു കെണിയൊരുക്കിയിരുന്നു.ഡീപ്പ് ഫൈൻലെഗ്ഗിലും ഡീപ്പ് സ്ക്വയർലെഗ്ഗിലും ഫീൽഡർമാരെ വിന്യസിച്ചതിനു ശേഷം അവർ നിരന്തരം ബൗൺസറുകളെറിഞ്ഞു.ലെഫ്റ്റ് ഹാൻ്റർ അതിൽ വീഴുകയും ചെയ്തു.ഈ ഷോർട്ട്ബോൾ തന്ത്രം ശർമ്മയ്ക്കെതിരെയും പ്രയോഗിക്കപ്പെട്ടു.അപ്പോൾ സുന്ദരമായ ബാക്ക്ഫൂട്ട് പഞ്ചുകളും പുള്ളുകളും സ്ക്വയർകട്ടുകളും അപ്പർകട്ടുകളും ആ ബാറ്റിൽനിന്ന് പ്രവഹിച്ചു.ബൗൺസ് ആസ്വദിക്കുന്ന താരമാണ് ശർമ്മ എന്ന കാര്യം എതിരാളികൾ മറന്നു.ഗ്രൗണ്ടിൽ സൗത്താഫ്രിക്കൻ കാണികളുടെ ബ്യൂഗിളുകൾ ശബ്ദിച്ചു.സിയറ്റിൻ്റെ വില്ലോ പൊഴിച്ച ശബ്ദത്തിനും അതേ മധുരമായിരുന്നു !

പന്ത് ടേൺ ചെയ്ത പിച്ചിൽ ജെ.പി ഡുമിനി-തബ്രെയ്സ് ഷംസി ആക്രമണം ഫലപ്രദമായിരുന്നു.പക്ഷേ സ്ലോഗ്സ്വീപ്പുകളിലൂടെ ശർമ്മ അവരുടെ താളംതെറ്റിച്ചു.

ഒഴിഞ്ഞ പ്രദേശങ്ങളും ചെറിയ ബൗണ്ടറികളും അയാൾ ലക്ഷ്യമിട്ടു.ശർമ്മയുടെ ബുദ്ധിമുട്ടുകൾ ആരംഭിച്ചത് ഇല്ലാത്ത ഒരു റണ്ണിനു വേണ്ടി വിരാട് കോഹ്ലി ഒാടിയപ്പോൾ മുതലാണ്.”നോ…! ” എന്ന് തുടക്കത്തിൽ തന്നെ ശർമ്മ വിളിച്ചുകൂവിയെങ്കിലും വിരാട് ആവശ്യത്തിലധികം ദൂരം പിന്നിട്ടുകഴിഞ്ഞിരുന്നു.ഡുമിനിയുടെ കരങ്ങൾ ഇന്ത്യൻ ക്യാപ്റ്റന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു.അതുകൊണ്ടും തീർന്നില്ല.ഒരു റൺ-ഒൗട്ടിൽ കൂടി ശർമ്മ പങ്കാളിയായി.ഇത്തവണ കൂടാരത്തിൽ മടങ്ങിയെത്തിയത് ശർമ്മയുടെ മുംബൈയിലെ കളിക്കൂട്ടുകാരൻ അജിൻക്യ രഹാനെയായിരുന്നു.

ഇൗ സംഭവങ്ങൾ ശർമ്മയുടെ ഒഴുക്കിനെ ബാധിച്ചു.അധിക സമ്മർദ്ദവും പേറിയാണ് പിന്നീടയാൾ ബാറ്റുചെയ്തത്.മഹാരാജ്യത്തിൻ്റെ  പ്രതീക്ഷകൾ അയാളിൽ കേന്ദ്രീകൃതമായി.96ൽ നിൽക്കെ ഡീപ്പ് തേഡ്മാനിൽ ഷംസി, ശർമ്മയെ കൈവിട്ടപ്പോൾ കോടിക്കണക്കിന് ജനങ്ങളാണ് മതിമറന്ന് ആഹ്ലാദിച്ചത്.ആ സമയത്ത് വിരാടും രവി ശാസ്ത്രിയും പ്രകടമാക്കിയ ചേഷ്ടകൾ ശർമ്മയുടെ വിക്കറ്റിൻ്റെ പ്രാധാന്യമാണ് വിളിച്ചോതിയത്.
മൂന്നക്കം തികയ്ക്കുമ്പോൾ പുരപ്പുറത്ത് കയറി ആഘോഷിക്കുന്ന ശർമ്മയെയാണ് കൂടുതൽ പേരും പ്രതീക്ഷിച്ചത്.അയാൾ മുഷ്ടിചുരുട്ടി അലറുമെന്നും അസഭ്യവാക്കുകൾ ചൊരിയുമെന്നും കരുതി.പക്ഷേ അയാൾ പതിയെ ബാറ്റ് ഒന്നുയർത്തി കാണികളെ അഭിവാദ്യം ചെയ്തു.അതിൽക്കൂടുതലൊന്നും ചെയ്യാൻ ശർമ്മ ആഗ്രഹിച്ചില്ല.കാരണം അമ്പതോവറും ബാറ്റ് ചെയ്ത് ടീമിനെ ഒരു മികച്ച സ്കോറിൽ എത്തിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം.
നിർഭാഗ്യവശാൽ ശർമ്മയ്ക്ക് ആഗ്രഹിച്ചിടത്തോളം ബാറ്റ് ചെയ്യാനായില്ല.പക്ഷേ അപ്പോഴേക്കും പിച്ച് ഭയാനകമാംവിധം സ്ലോ ആയിക്കഴിഞ്ഞിരുന്നു.ഇന്ത്യ നേടിയത് ആവശ്യത്തിലും അധികമാണെന്ന് പിന്നീട് തെളിഞ്ഞു.ജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കും ചരിത്രം തിരുത്തണമായിരുന്നു.പക്ഷേ അവരുടെ ബാറ്റിങ്ങ് ലൈനപ്പിൽ ശർമ്മയുടെ റോൾ ചെയ്യാൻ ആരുമില്ലാതെ പോയി ! സ്പിൻ ഇരട്ടകളും ഹാർദ്ദിക് പാണ്ഡ്യയും കളം നിറഞ്ഞപ്പോൾ ഇന്ത്യ വിജയക്കൊടി നാട്ടി.

ശർമ്മയുടെ ഇന്നിംഗ്സിനെ വിലകുറച്ചുകാണുന്ന ചിലരെ സോഷ്യൽ മീഡിയയിൽ കണ്ടു.ഇന്ത്യൻ ടീമിലെ രണ്ടാമത്തെ മികച്ച സ്കോർ വിരാടിൻ്റെ 36 ആണെന്ന കാര്യം അവർ മറക്കരുത്.ഹാഷിം ആംല ഒഴികെയുള്ള ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻമാരും ഈ പിച്ചിൽ കളിക്കാൻ ബുദ്ധിമുട്ടി.അതിനാൽ ശർമ്മയുടേത് പ്രശംസനീയമായ പ്രകടനം തന്നെയാണ്.
മാൻ ഒാഫ് ദ മാച്ച് പുരസ്കാരവുമായി ശർമ്മ പുഞ്ചിരിയോടെ നിന്നു.പാപങ്ങൾ മുഴുവനും ഒറ്റയടിക്ക് കഴുകിക്കളഞ്ഞുകൊണ്ടുള്ള നില്പ്.ക്രിക്കറ്റ് പ്രേമികളേ,ആ ഇടംകാലിലേക്ക് നിങ്ങൾ ഇനിയും ഉറ്റുനോക്കണം.ചീറിപ്പാഞ്ഞെത്തുന്ന പന്തുകൾക്കെതിരെ ഒരുപാട് തവണ സധൈര്യം മുന്നോട്ടുകുതിച്ച കാലാണത്.ഇനിയുമൊരുപാട് വർഷങ്ങൾ അത് അവിടെത്തന്നെയുണ്ടാകും…
Written by-Sandeep Das.