Skip to content

തുടർച്ചയായ മൂന്നാം സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വിരാട് കോഹ്ലിയെ പിന്നിലാക്കി ബാബർ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. വിരാട് കോഹ്ലിയെ പിന്നിലാക്കികൊണ്ടാണ് ഈ തകർപ്പൻ റെക്കോർഡ് ബാബർ അസം സ്വന്തം പേരിൽ കുറിച്ചത്.

( Picture Source : Twitter )

പാകിസ്ഥാൻ അഞ്ച് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 107 പന്തിൽ 103 റൺസ് നേടിയാണ് ബാബർ അസം പുറത്തായത്. ഏകദിന ക്രിക്കറ്റിലെ പതിനേഴാം സെഞ്ചുറിയും തുടർച്ചയായ മൂന്നാം സെഞ്ചുറിയുമാണ് മത്സരത്തിൽ ബാബർ അസം കുറിച്ചത്.

മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി 1000 റൺസ് ബാബർ അസം പൂർത്തിയാക്കി. ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 1000 റൺസ് നേടുന്ന ബാറ്റ്സ്മാനാണ് ബാബർ അസം. ക്യാപ്റ്റനായി 1000 റൺസ് പൂർത്തിയാക്കാൻ വെറും 13 ഇന്നിങ്സുകൾ മാത്രമാണ് താരത്തിന് വേണ്ടിവന്നത്. 17 ഇന്നിങ്സിൽ നിന്നും ഈ നാഴികക്കല്ല് പിന്നിട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് ബാബർ അസം പിന്നിലാക്കിയത്. എ ബി ഡിവില്ലിയേഴ്സ് (18 ഇന്നിങ്സ്), കെയ്ൻ വില്യംസൺ (20 ഇന്നിങ്സ്), അലസ്റ്റയർ കുക്ക് (21 ഇന്നിങ്സ്), സൗരവ് ഗാംഗുലി (22 ഇന്നിങ്സ്). എന്നിവരാണ് ഈ നേട്ടത്തിൽ ബാബറിനും കോഹ്ലിയ്ക്കും പുറകിലുളളത്.

( Picture Source : Twitter )

അഞ്ച് വിക്കറ്റിൻ്റെ ആവേശവിജയമാണ് മത്സരത്തിൽ പാകിസ്ഥാൻ കുറിച്ചത്. വെസ്റ്റിൻഡീസ് ഉയർത്തിയ 306 റൺസിൻ്റെ വിജയലക്ഷ്യം 49.2 ഓവറിൽ പാകിസ്ഥാൻ മറികടന്നു. സെഞ്ചുറി നേടിയ ബാബർ അസമിനൊപ്പം 65 റൺസ് നേടിയ ഇമാം ഉൾ ഹഖ്, 59 റൺസ് നേടിയ മൊഹമ്മദ് റിസ്വാൻ, 23 പന്തിൽ പുറത്താകാതെ 41 റൺസ് നേടിയ കുഷ്ദിൽ എന്നിവരാണ് പാകിസ്ഥാന് വേണ്ടി തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് സെഞ്ചുറി നേടിയ ഷായ് ഹോപ്പിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്.

( Picture Source : Twitter )