കെ എൽ രാഹുൽ പുറത്ത്, സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയെ റിഷഭ് പന്ത് നയിക്കും, സഞ്ജു പകരക്കാരനായി എത്തുമോ
സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്ക് മുൻപേ ആതിഥേയരായ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം ക്യാപ്റ്റൻ കെ എൽ രാഹുലും സ്പിന്നർ കുൽദീപ് യാദവും പരമ്പരയിൽ നിന്നും പുറത്തായി. വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്തായിരിക്കും അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയെ നയിക്കുക. ഹാർദിക് പാണ്ഡ്യയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

വിരാട് കോഹ്ലി, ക്യാപ്റ്റൻ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ അടക്കമുള്ള സീനിയർ താരങ്ങൾ ഇല്ലാതെയിറങ്ങുന്ന ഇന്ത്യയ്ക്ക് കെ എൽ രാഹുലിൻ്റെ അഭാവം കനത്ത തിരിച്ചടിയാകും. കെ എൽ രാഹുലിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. സഞ്ജു സാംസൺ പകരക്കാരനായി എത്തുമോയെന്ന ആകാംക്ഷയിലാണ് ആരാധകരുള്ളത്. വലത് ഞരമ്പിന് പരിക്കേറ്റതിനെ തുടർന്നാണ് കെ എൽ രാഹുൽ പരമ്പരയിൽ നിന്നും പുറത്തായത്. മറുഭാഗത്ത് ഇന്നലെ പരിശീലനത്തിനിടെ വലതുകയ്യിൽ പന്ത് കൊണ്ടാണ് കുൽദീപ് യാദവിന് പരിക്ക് പറ്റിയത്.

നാളെ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് പരമ്പര ആരംഭിക്കുന്നത്. ഡൽഹി കൂടാതെ കട്ടക്ക്, വിശാഖപട്ടണം, രാജ്കോട്ട്, ബാംഗ്ലൂർ എന്നിവടങ്ങളിലാണ് പരമ്പരയിലെ മറ്റു മത്സരങ്ങൾ നടക്കുന്നത്.
ഇന്ത്യൻ ടീം : (updated)
റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ (WK), ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് ( c, WK), ദിനേഷ് കാർത്തിക് (wk), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വെങ്കിടേഷ് അയ്യർ, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്.
