Skip to content

സച്ചിൻ അവനെ സൂക്ഷിച്ചോ താങ്കളുടെ റെക്കോർഡ് അവൻ തകർക്കും : മൈക്കൽ വോൺ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനെന്ന ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കാൻ ജോ റൂട്ടിന് സാധിക്കുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ. ഇംഗ്ലണ്ടിൻ്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനാണ് ജോ റൂട്ടെന്നും ഇനിയും ഏറെ വർഷങ്ങൾ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുവാൻ റൂട്ടിന് സാധിക്കുമെന്നും മൈക്കൽ വോൺ പറഞ്ഞു.

( Picture Source : Twitter )

” ജോ റൂട്ട് ഇംഗ്ലണ്ടിൻ്റെ എക്കാലത്തെയും മികച്ച താരമാണ്. ഇനി മുതൽ സച്ചിൻ അവനെ സൂക്ഷിക്കണം. ”

” എൻ്റെ അഭിപ്രായത്തിൽ ഗ്രഹാം ഗൂച്ചിനൊപ്പം ഇംഗ്ലണ്ടിൻ്റെ ഏറ്റവും എക്കാലത്തേയും മികച്ച ബാറ്റ്സ്മാനാണ് ജോ റൂട്ട്. നിലവിലെ ഫോം വെച്ചുനോക്കിയാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കുവാൻ ജോ റൂട്ടിന് സാധിക്കും. ”

” സച്ചിനെ മറികടക്കാൻ ഇനിയും 6000 റൺസ് അവന് വേണം. പക്ഷേ അവന് 31 വയസ്സേ ആയിട്ടുള്ളൂ. ജെയിംസ് ആൻഡേഴ്സണ് 40 വയസ്സുവരെ കളിക്കാൻ സാധിക്കുമെങ്കിൽ ജോ റൂട്ടിനും അത് സാധിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം അത്രമാത്രം അവൻ ബാറ്റിങ് ആസ്വദിക്കുന്നുണ്ട്. അവന് ലക്ഷ്യമുണ്ട്. ക്രിക്കറ്റ് ബാഡ്ജർ എന്നാണ് അവൻ അറിയപെടുന്നത്. എല്ലാ ദിവസവും ഉണർന്ന് ബാറ്റിങിനെ കുറിച്ച് ചിന്തിക്കാൻ നിങ്ങൾ തയ്യാറായിരിക്കണം. ” മൈക്കൽ വോൺ പറഞ്ഞു.

( Picture Source : Twitter )

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചുറിയോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് ജോ റൂട്ട് പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന പതിനാലാമത്തെ ബാറ്റ്സ്മാനാണ് ജോ റൂട്ട്. 101 മത്സരങ്ങളിൽ നിന്നും 8043 റൺസ് നേടിയ വിരാട് കോഹ്ലിയും 85 മത്സരങ്ങളിൽ നിന്നും 8010 റൺസ് നേടിയ സ്റ്റീവ് സ്മിത്തുമാണ് നിലവിലെ താരങ്ങളിൽ ജോ റൂട്ടിന് പുറകിലുള്ളത്.

( Picture Source : Twitter )