Skip to content

വഖാർ യൂനിസല്ല, എൻ്റെ ഹീറോസ് അവരാണ്, ക്രിക്കറ്റിലെ തൻ്റെ റോൾ മോഡലുകളെ കുറിച്ച് ഉമ്രാൻ മാലിക്ക്

പാകിസ്ഥാൻ പേസർ വഖാർ യൂനിസുമായുള്ള താരതമ്യങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയമായ യുവപേസർ ഉമ്രാൻ മാലിക്ക്. താനൊരിക്കലും വഖാർ യൂനിസിനെ പിന്തുടർന്നിട്ടില്ലയെന്നും തൻ്റെ ബൗളിങ് ആക്ഷൻ ആരെയും അനുകരിക്കുന്നതല്ലയെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ അടക്കമുള്ള മുൻ താരങ്ങൾ ഉമ്രാൻ മാലിക്കിനെ വഖാർ യൂനിസുമായി താരതമ്യം ചെയ്തിരുന്നു. എന്നാൽ താൻ വഖാർ യൂനിസിനെ പിന്തുടർന്നിട്ടില്ലെന്ന് തുറന്നുപറഞ്ഞ ഉമ്രാൻ മാലിക്ക് തൻ്റെ റോൾ മോഡൽസ് ഇന്ത്യൻ പേസർമാരായ മൊഹമ്മദ് ഷാമിയും ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറുമാണെന്നും വെളിപ്പെടുത്തി.

” ഞാൻ വഖാർ യൂനിസിനെ പിന്തുടർന്നിട്ടില്ല. എൻ്റെ ബൗളിങ് ആക്ഷൻ നാച്ചുറലാണ്. ജസ്പ്രീത് ബുംറ, മൊഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ എന്നിവരാണ് എൻ്റെ റോൾ മോഡലുകൾ. ഉന്നതങ്ങളിലേക്ക് കളിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ അവരെയാണ് പിന്തുടർന്നത്. ” ഉമ്രാൻ മാലിക്ക് പറഞ്ഞു.

” എൻ്റെ രാജ്യത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു. എൻ്റെ ലക്ഷ്യം മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ട് അഞ്ച് മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിക്കുകയെന്നതാണ്. ”

” ഒന്നാമതായി ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ലഭിക്കുന്ന സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി പറയുന്നു. ബന്ധുക്കളും മറ്റും വീട്ടിൽ വന്നുകൊണ്ടിരിക്കുന്നു. അതിൽ സന്തോഷമുണ്ട്. ഐ പി എല്ലിന് ശേഷം ഞാൻ അൽപ്പം തിരക്കിലാണ്. പക്ഷേ പരിശീലനവും തയ്യാറെടുപ്പും മുടക്കിയിട്ടില്ല. ” ഉമ്രാൻ മാലിക്ക് കൂട്ടിച്ചേർത്തു.