Skip to content

ചരിത്രനേട്ടം കുറിച്ച് ജോ റൂട്ട്, പതിനായിരം റൺസ് ക്ലബിൽ ഇനി ഇതിഹാസങ്ങൾക്കൊപ്പം

ലോർഡ്സ് ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്. സെഞ്ചുറി നേടി പുറത്താകാതെ നിന്ന റൂട്ടിൻ്റെ മികവിലാണ് 277 റൺസിൻ്റെ വിജയലക്ഷ്യം മറികടന്ന് 5 വിക്കറ്റിൻ്റെ തകർപ്പൻ വിജയം ആതിഥേയരായ ഇംഗ്ലണ്ട് നേടിയത്.

( Picture Source : Twitter )

മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് ജോ റൂട്ട് പൂർത്തിയാക്കി. ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന പതിനാലാമത്തെ ബാറ്റ്സ്മാനും രണ്ടാമത്തെ ഇംഗ്ലണ്ട് താരവുമാണ് ജോ റൂട്ട്. അലസ്റ്റയർ കുക്കാണ് ഇതിനുമുൻപ് ടെസ്റ്റിൽ 10000 റൺസ് നേടിയിട്ടുള്ള ഇംഗ്ലീഷ് ബാറ്റ്സ്മാൻ.

സുനിൽ ഗാവസ്കർ, അലൻ ബോർഡർ, സ്റ്റീവ് വോ, ബ്രയാൻ ലാറ, സച്ചിൻ ടെണ്ടുൽക്കർ, റിക്കി പോണ്ടിങ്, ചന്ദ്രപോൾ, ജാക്ക് കാലിസ്, രാഹുൽ ദ്രാവിഡ്, യൂനിസ് ഖാൻ, കുമാർ സംഗക്കാര, മഹേള ജയവർധനെ, അലസ്റ്റയർ കുക്ക് എന്നിവരാണ് ജോ റൂട്ടിന് മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.

സുനിൽ ഗവാസ്കറാണ് ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടിയ നേടിയത്. സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ, കുമാർ സംഗക്കാര എന്നിവരാണ് ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിട്ടത്. 195 ഇന്നിങ്സുകളിൽ നിന്നാണ് ഇവർ മൂന്ന് പേരും ടെസ്റ്റിൽ 10000 റൺസ് പൂർത്തിയാക്കിയത്.

( Picture Source : Twitter )

10000 റൺസ് നേടുവാൻ 218 ഇന്നിങ്സുകൾ വേണ്ടിവന്നുവെങ്കിലും ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ തൻ്റെ മുൻ ക്യാപ്റ്റൻ അലസ്റ്റയർ കുക്കിനൊപ്പമെത്താൻ റൂട്ടിന് സാധിച്ചു. 31 വർഷവും 157 ദിവസവും പ്രായമായിരിക്കെയാണ് ഇരുവരും ഈ നാഴികക്കല്ല് പിന്നിട്ടത്. 31 വർഷവും 326 ദിവസവും പ്രായമായിരിക്കെ 10000 റൺസ് നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറാണ് ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത്.

ടെസ്റ്റ് കരിയറിലെ തൻ്റെ 26 ആം സെഞ്ചുറി നേടിയ ജോ റൂട്ട് 170 പന്തിൽ 112 റൺസ് നേടി പുറത്താകാതെ നിന്നിരുന്നു. റൂട്ടിനൊപ്പം 32 റൺസ് നേടി പുറത്താകാതെ നിന്ന ബെൻ ഫോക്സും 54 റൺസ് നേടി പുറത്തായ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വേണ്ടി മികവ് പുലർത്തി.

( Picture Source : Twitter )