Skip to content

അധികം വൈകാതെ അവൻ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കും, ടിം ഡേവിഡിനെ കുറിച്ച് മാത്യൂ വേഡ്

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ ടിം ഡേവിഡ് മുംബൈ ഇന്ത്യൻസിനായി കാഴ്ച്ചവെച്ചത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ യുവതാരം എല്ലാവരെയും ഞെട്ടിച്ചിരുന്നു. സിംഗപ്പൂർ താരമായ ടിം ഡേവിഡ് അധികം വൈകാതെ തന്നെ ഓസ്ട്രേലിയക്ക് വേണ്ടി കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ മാത്യൂ വേഡ്.

സിംഗപ്പൂർ താരമാണെങ്കിലും ഓസ്ട്രേലിയൻ വംശജനായ ടിം ഡേവിഡ് ഓസ്ട്രേലിയക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുവാൻ യോഗ്യനാണ്. ടിം ഡേവിഡ് ഓസ്ട്രേലിയൻ ടീമിൻ്റെ ലോകകപ്പ് സാധ്യത പട്ടികയിൽ ഉണ്ടെന്ന് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും വ്യക്തമാക്കിയിരുന്നു. ഐ പി എല്ലിൽ 8 മത്സരങ്ങളിൽ നിന്നും 216.28 സ്ട്രൈക്ക് റേറ്റിൽ 186 റൺസ് ടിം ഡേവിഡ് അടിച്ചുകൂട്ടിയിരുന്നു.

” ലോകത്തിലെ മറ്റേതൊരു കളിക്കാരനെയും പോലെ അവനും ശക്തിയുണ്ട്. അവൻ ഐ പി എൽ ടൂർണമെൻ്റ് ഫിനിഷ് ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഈ ലോകകപ്പോ അല്ലെങ്കിൽ അടുത്ത ലോകകപ്പോ അവനിനിയും ഏറെ സമയമുണ്ട്. അവൻ ഉറപ്പായും ഓസ്ട്രേലിയക്ക് വേണ്ടി കളിക്കും. അതിലൊരു സംശയവും വേണ്ട. കളിച്ച മത്സരങ്ങൾ നോക്കിയാൽ അവനിപ്പോഴും യുവതാരമാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് അവൻ കരാർ ലിസ്റ്റിൽ പോലും ഉണ്ടായിരുന്നില്ല. ബിഗ് ബാഷ് ലീഗിൽ ഡീൽ ഒന്നും തന്നെയില്ലാതെയായിരുന്നു അവൻ കളിച്ചിരുന്നത്. ” വേഡ് പറഞ്ഞു.

ഐ പി എൽ താരലേലത്തിൽ 8.25 കോടിയ്ക്കാണ് ടിം ഡേവിഡിനെ മുംബൈ ഇന്ത്യൻസ് ടീമിൽ എത്തിച്ചത്. അവസാന സ്ഥാനക്കാരായി ഫിനിഷ് ചെയ്ത സീസണിൽ മുംബൈ ഇന്ത്യൻസിന് ലഭിച്ച ഏറ്റവും വലിയ പോസിറ്റീവ് ടിം ഡേവിഡിൻ്റെ പ്രകടനമാണ്. ഓസ്ട്രേലിയൻ ടീമിൽ എത്തിയാലും പ്ലേയിങ് ഇലവനിൽ ഇടം നേടുകയെന്നത് താരത്തിന് പ്രയാസമായിരിക്കും. ഡേവിഡ് വാർണർ, ഫിഞ്ച്, സ്മിത്ത്, മാക്സ്‌വെൽ, സ്റ്റോയിനിസ്, മിച്ചൽ മാർഷ് അടക്കമുളള വമ്പൻ ബാറ്റിങ് നിര നിലവിൽ ഓസ്ട്രേലിയക്കുണ്ട്.