Skip to content

ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുക്കുകയാണ് ഇനി എൻ്റെ ലക്ഷ്യം, ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

ഇന്ത്യയ്ക്കായി ടി20 ലോകകപ്പ് നേടുകയാണ് ഇനി തൻ്റെ ലക്ഷ്യമെന്ന് ഐ പി എൽ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഇന്ത്യയ്ക്കായി തൻ്റെ കഴിവിൻ്റെ പരമാവധി പുറത്തെടുക്കുമെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു.

ഐ പി എൽ ഫൈനലിൽ രാജസ്ഥാൻ റോയൽസിനെതിരെ തകർപ്പൻ പ്രകടനമാണ് ഹാർദിക് പുറത്തെടുത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തി റോയൽസിനെ ചുരുക്കികെട്ടിയ താരം 30 പന്തിൽ 34 റൺസ് നേടി ബാറ്റിങിലും തിളങ്ങിയിരുന്നു. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പാണ്ഡ്യ.

” എന്ത് തന്നെ സംഭവിച്ചാലും ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുക്കണം. എനിക്കുള്ളതെല്ലാം ഞാൻ അതിനായി കാഴ്ച്ചവെയ്ക്കും. എല്ലായ്പ്പോഴും എനിക്ക് ടീമാണ് പ്രധാനം. എന്നെ സംബന്ധിച്ച് ലക്ഷ്യം വളരെ ലളിതമാണ്. ടീമിന് ഏറ്റവും കൂടുതൽ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുവാനാണ് ഞാൻ ശ്രമിക്കുന്നത്. ഞാൻ എത്ര കളികൾ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നത് എൻ്റെ സ്വപ്നമാണ്. ”

” രാജ്യത്തെ പ്രതിനിധീകരിക്കുകയെന്നത് എപ്പോഴും വളരെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് ലഭിച്ച ഈ സ്നേഹവും പിന്തുണയും ഇന്ത്യൻ ടീമിൻ്റെ ഭാഗമായതുകൊണ്ടാണ്. ദീർഘകാലമായാലും സമീപഭാവിയിലെ കാര്യമായാലും എനിക്ക് ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടണം. ” ഹാർദിക് പാണ്ഡ്യ പറഞ്ഞു.

ഐ പി എൽ കിരീടം നേടുന്ന നാലാമത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് ഹാർദിക് പാണ്ഡ്യ. എം എസ് ധോണി, രോഹിത് ശർമ്മ, ഗൗതം ഗംഭീർ എന്നിവരാണ് ഇതിനുമുൻപ് ഐ പി എൽ കിരീടം നേടിയിട്ടുള്ള ഇന്ത്യൻ ക്യാപ്റ്റന്മാർ.