Skip to content

തലപ്പത്ത് കിങ് തന്നെ, തകർപ്പൻ റെക്കോർഡിൽ വാർണറെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി ജോസ് ബട്ട്ലർ

പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഐ പി എൽ ഫൈനലിൽ ജോസ് ബട്ട്ലർക്ക് സാധിച്ചില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 35 പന്തിൽ 39 റൺസ് നേടിയാണ് ബട്ട്ലർ പുറത്തായത്. മത്സരത്തിൽ ഫിഫ്റ്റിയോ സെഞ്ചുറിയോ നേടാനായില്ലയെങ്കിലും തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ജോസ് ബട്ട്ലർ.

മത്സരത്തിലെ പ്രകടനമടക്കം ഈ സീസണിൽ നാല് സെഞ്ചുറിയടക്കം 17 മത്സരങ്ങളിൽ നിന്നും 57.33 ശരാശരിയിൽ 863 റൺസ് ജോസ് ബട്ട്ലർ നേടിയിട്ടുണ്ട്. ഇതോടെ ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന തകർപ്പൻ റെക്കോർഡ് ജോസ് ബട്ട്ലർ സ്വന്തമാക്കി.

2016 സീസണിൽ 17 മത്സരങ്ങളിൽ നിന്നും സൺറൈസേഴ്സിന് വേണ്ടി 848 റൺസ് നേടിയ ഡേവിഡ് വാർണറെ പിന്നിലാക്കിയാണ് തകർപ്പൻ നേട്ടത്തിൽ ബട്ട്ലർ രണ്ടാം സ്ഥാനത്തെത്തിയത്. തകർപ്പൻ ഫോമിലും വിരാട് കോഹ്ലിയെ പിന്നിലാക്കുവാൻ ബട്ട്ലർക്ക് സാധിച്ചില്ല. 2016 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി 16 മത്സരങ്ങളിൽ നിന്നും 973 റൺസ് കോഹ്ലി നേടിയിരുന്നു.

ഫൈനൽ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. 35 പന്തിൽ 39 റൺസ് നേടിയ ജോസ് ബട്ട്ലറും 16 പന്തിൽ 22 റൺസ് നേടിയ ജയ്സ്വാളും മാത്രമേ റോയൽസ് നിരയിൽ ഭേദപെട്ട പ്രകടനം പുറത്തെടുത്തുള്ളൂ. നാലോവറിൽ 17 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് റോയൽസിനെ ചുരുക്കികെട്ടിയത്. സായ് കിഷോർ രണ്ട് വിക്കറ്റും റാഷിദ് ഖാൻ, മൊഹമ്മദ് ഷാമി, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.