Skip to content

വിരാട് കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റൻ അവനാണ്, ആർ സീ ബി ക്യാപ്റ്റനായി ഡുപ്ലെസിസ് തുടരണമെന്ന് മുൻ ഇന്ത്യൻ താരം

ഈ സീസണിലും കിരീടം നേടുവാൻ സാധിച്ചില്ലയെങ്കിലും ക്യാപ്റ്റനായി ഫാഫ് ഡുപ്ലെസിസിനെ തുടരാൻ അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഫാഫ് ഡുപ്ലെസിസ് വിരാട് കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റനായി തനിക്ക് തോന്നിയെന്നും താരതമ്യേന മെച്ചപ്പെട്ട സീസനാണ് ആർ സീ ബിയ്ക്ക് ലഭിച്ചതെന്നും മഞ്ജരേക്കർ ചൂണ്ടികാട്ടി.

” റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഇതൊരു മെച്ചപ്പെട്ട സീസണായിരുന്നു. ചില നല്ല കാര്യങ്ങൾ അവർക്ക് സംഭവിച്ചു. ഫാഫ് ഡുപ്ലെസിസ് വിരാട് കോഹ്ലിയേക്കാൾ മികച്ച ക്യാപ്റ്റനായി എനിക്ക് തോന്നുന്നു. പക്ഷേ അവരിൽ നിന്നും കൂടുതൽ മികച്ച പ്രകടനം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. ”

” ഇത്രയും ദൂരം എത്തിയെങ്കിൽ അവർ വിജയിക്കേണ്ടതായിരുന്നു. എന്ത് തെറ്റാണ് സംഭവിച്ചത്. സ്വർണത്തിന് പകരം വെങ്കലം നെടേണ്ടിവന്നത് എന്തുകൊണ്ടാണ് ഇതെല്ലാം അവർ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്. ബൗളിങ് യൂണിറ്റിൻ്റെ മികച്ച പ്രകടനത്തിൻ്റെ ക്രെഡിറ്റ് നൽകേണ്ടത് ക്യാപ്റ്റൻ ഫാഫിനാണ്. അവിടെയാണ് നമ്മൾ ക്യാപ്റ്റൻസി മികച്ചതായി കാണേണ്ടത്. ഭൂരിഭാഗം മത്സരത്തിലും അവന് തെറ്റുപറ്റിയില്ല. ബാറ്റ് കൊണ്ട് നന്നായി തുടങ്ങുവാൻ സാധിച്ചുവെങ്കിലും പിന്നീട് മറ്റ് കളിക്കാരെ പോലെ സമ്മിശ്രമായ സീസണായിരുന്നു അവന് ലഭിച്ചത്. എന്നിരുന്നാലും ക്യാപ്റ്റനായി ഫാഫ് തന്നെ തുടരണമെന്നാണ് എൻ്റെ അഭിപ്രായം. ” സഞ്ജയ് മഞ്ജരേക്കർ കൂട്ടിചേർത്തു.

14 മത്സരങ്ങളിൽ എട്ട് മത്സരങ്ങളിൽ വിജയിച്ച് പ്ലേയോഫിൽ എത്തിയ ആർ സീ ബി എലിമിനേറ്റർ പോരാട്ടത്തിൽ ലക്നൗ സൂപ്പർ ജയൻ്റ്സിനെ പരാജയപെടുത്തിയിരുന്നു. എന്നാൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനോട് പൊരുതിനിൽക്കുവാൻ ആർ സീ ബിയ്ക്ക് സാധിച്ചില്ല. ഏഴ് വിക്കറ്റിനാണ് റോയൽസ് ബാംഗ്ലൂരിനെ തകർത്തത്.