Skip to content

അദ്ദേഹത്തിന് എല്ലായ്പ്പോഴും എൻ്റെ മനസ്സിൽ സ്ഥാനമുണ്ട് ; ഷെയ്ൻ വോണിനെ കുറിച്ച് യൂസഫ് പത്താൻ

ഓസ്ട്രേലിയൻ ഇതിഹാസവും മുൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ ഷെയ്ൻ വോണിനെ കുറിച്ചുള്ള തൻ്റെ ഓർമകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ താരം യൂസഫ് പത്താൻ. പ്രഥമ ഐ പി എൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസിൽ ഷെയ്ൻ വോണിന് കീഴിൽ യൂസഫ് പത്താൻ കളിച്ചിരുന്നു. തൻ്റെ ഹൃദയത്തിൽ എല്ലായ്പ്പോഴും വോണിന് സ്ഥാനമുണ്ടാകുമെന്നും ആദ്യ സീസണിൽ തൻ്റേതായ രീതിയിൽ കളിക്കുവാനുള്ള എല്ലാ സ്വാതന്ത്ര്യവും വോൺ നൽകിയിരുന്നുവെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ താരം പറഞ്ഞു.

” ടീമിന് വേണ്ടി മത്സരം മാറ്റിമറിക്കാനും മത്സരം ജയിപ്പിക്കാനും കഴിയുന്ന തൻ്റെയാളാണ് ഞാനെന്ന് അദ്ദേഹം പറയാറുണ്ടയിരുന്നു. ഐ പി എല്ലിലേക്ക് വരുന്നതിന് മുൻപേ വോൺ എൻ്റെ കളിയെ കുറിച്ച് പഠിക്കുകയും എനിക്ക് ഇഷ്ടമുള്ള രീതിയിൽ കളിക്കാനുള്ള സ്വാതന്ത്യം നൽകുകയും ചെയ്തു. ആദ്യ മത്സരം മുതൽക്കെ അദ്ദേഹം എന്നിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഫൈനൽ അടക്കമുള്ള പ്രധാനപെട്ട മത്സരങ്ങളിലെല്ലാം എൻ്റെ ആത്മവിശ്വാസം ഉയർത്താൻ അദ്ധേഹം ശ്രമിച്ചു. വോണിന് എപ്പോഴും എൻ്റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും. ” യൂസഫ് പത്താൻ പറഞ്ഞു.

ആദ്യ ഐ പി എൽ സീസണിൽ 16 മത്സരങ്ങളിൽ നിന്നും 179.01 സ്ട്രൈക്ക് റേറ്റിൽ 30 ന് മുകളിൽ ശരാശരിയിൽ 435 റൺസ് യൂസഫ് പത്താൻ നേടിയിരുന്നു.

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഫൈനൽ പോരാട്ടത്തിൽ യൂസഫ് പത്താൻ്റെ ഓൾ റൗണ്ടർ മികവിലാണ് റോയൽസ് വിജയം കുറിച്ചത്. നാലോവറിൽ 22 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ യൂസഫ് പത്താൻ 39 പന്തിൽ 3 ഫോറും 4 സിക്സുമടക്കം 56 റൺസ് നേടിയിരുന്നു.