Skip to content

വഴങ്ങികൂട്ടിയത് മുപ്പതിലധികം സിക്സുകൾ, ഐ പി എല്ലിൽ നാണകേടിൻ്റെ റെക്കോർഡ് കുറിച്ച് മൊഹമ്മദ് സിറാജ്

ഈ ഐ പി എൽ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കുവാൻ റോയൽ ചലഞ്ചേ്സ് ബാംഗ്ലൂരിൻ്റെ ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജിന് സാധിച്ചിരുന്നില്ല. രാജസ്ഥാൻ റോയൽസിനെതിരായ ക്വാളിഫയറിലും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല. സീസണിലെ ഈ മോശം പ്രകടനത്തോടെ ഐ പി എല്ലിൽ നാണകേടിൻ്റെ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മൊഹമ്മദ് സിറാജ്.

രാജസ്ഥാനെതിരായ ക്വാളിഫയർ പോരാട്ടത്തിൽ രണ്ടോവറിൽ മാത്രം 31 റൺസ് സിറാജ് വഴങ്ങികൂട്ടിയിരുന്നു. സീസണിൽ 15 മത്സരങ്ങൾ കളിച്ച സിറാജിന് 9 വിക്കറ്റ് നേടുവാൻ മാത്രമാണ് സാധിച്ചത്. 31 സിക്സ് ഈ സീസണിൽ 15 മത്സരങ്ങളിൽ നിന്നും സിറാജ് വഴങ്ങികൂട്ടി. ഇതോടെ ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സ് വഴങ്ങുന്ന ബൗളറെന്ന നാണക്കേടിൻ്റെ റെക്കോർഡ് സിറാജ് സ്വന്തമാക്കി.

ഈ സീസണിൽ 30 സിക്സ് വഴങ്ങിയ ആർ സീ ബിയുടെ തന്നെ ശ്രീലങ്കൻ സ്പിന്നർ ഹസരങ്കയാണ് ഈ നാണക്കേടിൽ സിറാജിന് പിന്നിലുള്ളത്. 2018 സീസണിൽ 29 സിക്സ് വഴങ്ങിയ ഡ്വെയ്ൻ ബ്രാവോയാണ് മൂന്നാം സ്ഥാനത്തുള്ളത്.

ജോസ് ബട്ട്ലറുടെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിലാണ് ക്വാളിഫയർ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് രാജസ്ഥാൻ റോയൽസ് ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിൽ ആർ സീ ബി ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 18.1 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ റോയൽസ് മറികടന്നു. സീസണിലെ നാലാം സെഞ്ചുറി നേടിയ ബട്ട്ലർ 60 പന്തിൽ 10 ഫോറും 6 സിക്സുമടക്കം പുറത്താകാതെ 106 റൺസ് നേടി.