Skip to content

തകർത്തടിച്ച് ലിവിങ്സ്റ്റൺ, പഞ്ചാബ് കിങ്സിന് വിജയത്തോടെ മടക്കം

ഐ പി എൽ പതിനഞ്ചാം സീസണിലെ അവസാന ലീഗ് ഘട്ട മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് 5 വിക്കറ്റിൻ്റെ വിജയം. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 158 റൺസിൻ്റെ വിജയലക്ഷ്യം 15.1 ഓവറിൽ പഞ്ചാബ് കിങ്സ് മറികടന്നു.

സീസണിലെ പഞ്ചാബ് കിങ്സിൻ്റെ ഏഴാം വിജയമാണിത്. 22 പന്തിൽ 5 സിക്സും രണ്ട് ഫോറുമടക്കം 49 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റൻ്റെ മിലവിലാണ് അനായാസ വിജയം പഞ്ചാബ് കുറിച്ചത്. ശിഖാർ ധവാൻ 39 റൺസും ജോണി ബെയർസ്റ്റോ 23 റൺസും ജിതേഷ് ശർമ്മ 7 പന്തിൽ 19 റൺസും നേടി.

സൺറൈസേഴ്സിന് വേണ്ടി അഫ്ഗാൻ ബൗളർ ഫറൂഖി രണ്ട് വിക്കറ്റും വാഷിങ്ടൺ സുന്ദർ, ജഗദീഷ സുചിത്, ഉമ്രാൻ മാലിക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിനെ മൂന്ന് വിക്കറ്റ് വീതം നേടിയ ഹർപ്രീത് ബ്രാറും നേതൻ എല്ലിസുമാണ് ചുരുക്കികെട്ടിയത്. കഗിസോ റബാഡ ഒരു വിക്കറ്റ് നേടി. 32 പന്തിൽ 43 റൺസ് നേടിയ അഭിഷേക് ശർമ്മ മാത്രമാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്.

വിജയത്തോടെ 14 മത്സരങ്ങളിൽ നിന്നും 7 വിജയവുമായി പോയിൻ്റ് ടേബിളിൽ ഡൽഹി ക്യാപിറ്റൽസിന് പുറകിൽ ആറാം സ്ഥാനത്ത് പഞ്ചാബ് കിങ്സ് ഫിനിഷ് ചെയ്തു. 14 മത്സരങ്ങളിൽ നിന്നും 6 വിജയവുമായി പോയിൻ്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് സൺറൈസേഴ്സ് സീസൺ അവസാനിപ്പിച്ചത്.