Skip to content

എഡ്ജ് ചെയ്തിരുന്നുവെന്ന് എനിക്കും തോന്നിയിരുന്നു, പക്ഷേ, ടിം ഡേവിഡിനെതിരെ റിവ്യൂ എടുക്കാതിരുന്നതിനെ കുറിച്ച് റിഷഭ് പന്ത്

മുംബൈ ഇന്ത്യൻസിനെതിരായ നിർണായക മത്സരത്തിൽ പരാജയപെട്ടതോടെ ഡൽഹി ക്യാപിറ്റൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. 11 പന്തിൽ 34 റൺസ് നേടിയ ടിം ഡേവിഡാണ് മത്സരം മുംബൈ ഇന്ത്യൻസിന് അനുകൂലമാക്കിയത്. എന്നാൽ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ടിം ഡേവിഡ് പുറത്താകേണ്ടതായിരുന്നു. താക്കൂർ എറിഞ്ഞ പന്ത് ബാറ്റിൽ എഡ്ജ് ചെയ്യുകയും റിഷഭ് പന്ത് ക്യാച്ചെടുക്കുകയും ചെയ്തുവെങ്കിലും അപ്പീൽ ചെയ്യുകയോ റിവ്യൂ എടുക്കുകയോ ഡൽഹി ചെയ്തില്ല.

ഈ പിഴവിന് പുറകെ നിരവധി വിമർശനങ്ങളാണ് റിഷഭ് പന്ത് സോഷ്യൽ മീഡിയയിലും ഒപ്പം മുൻ താരങ്ങളിൽ നിന്നും നേരിട്ടത്. മത്സരത്തിന് പുറകെ റിവ്യൂ എടുക്കാതിരുന്നതിന് പിന്നിലെ കാരണം റിഷഭ് പന്ത് വെളിപ്പെടുത്തുകയും ചെയ്തു.

” എഡ്ജ് ചെയ്തിരുന്നുവെന്ന് എനിക്കും തോന്നിയിരുന്നു. പക്ഷേ മറ്റുള്ളവർക്ക് അത് ബോധ്യപെട്ടില്ല. റിവ്യൂ എടുക്കണോയെന്ന് ഞാൻ ചോദിച്ചു. പക്ഷേ അവസാനം ഞങ്ങൾ റിവ്യൂ എടുത്തില്ല. ” പന്ത് പറഞ്ഞു.

” മത്സരത്തിൽ ഏറെ സമയത്തും ഞങ്ങളായിരുന്നു മുൻപിൽ. എന്നാൽ ചില അവസരങ്ങളിൽ ഞങ്ങളുടെ പിടിയിൽ നിന്നും മത്സരം കൈവിട്ടുപോയി. ടൂർണമെൻ്റിൽ ഉടനീളം ഞങ്ങൾ ചെയ്തത് ഇതുതന്നെയാണ്. ഇത് സമ്മർദ്ദം മൂലമല്ല. മികച്ച പ്ലാനിങും നടത്തിപ്പും ഞങ്ങൾക്ക് ആവശ്യമായിരുന്നു. ” റിഷഭ് പന്ത് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് സീസണിലും പ്ലേയോഫിൽ പ്രവേശിച്ച ഡൽഹിയ്ക്ക് ഇക്കുറി 14 മത്സരങ്ങളിൽ ഏഴ് മത്സരത്തിൽ വിജയിക്കാൻ മാത്രമേ സാധിച്ചുള്ളൂ. തോൽവികൾക്കൊപ്പം വിവാദങ്ങളും ഈ സീസണിൽ ഡൽഹിയ്ക്ക് തിരിച്ചടിയായി.