Skip to content

ഡൽഹിയുടെ പ്രതീക്ഷകൾ തകർത്ത് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേയോഫിൽ

ഐ പി എൽ പതിനഞ്ചാം സീസണിലെ പ്ലേയോഫിൽ പ്രവേശിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. നിർണായക പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ് പരാജയപെടുത്തിയതോടെയാണ് ബാംഗ്ലൂർ പ്ലേയോഫിൽ പ്രവേശിച്ചത്.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. 11 പന്തിൽ 2 ഫോറും 4 സിക്സുമടക്കം 34 റൺസ് നേടിയ ടിം ഡേവിഡാണ് മത്സരം മുംബൈ ഇന്ത്യൻസിൻ്റെ വരുതിയിലാക്കിയത്. ഇഷാൻ കിഷൻ 35 പന്തിൽ 3 ഫോറും 4 സിക്സും ഉൾപ്പെടെ 48 റൺസ് നേടിയപ്പോൾ ഡെവാൾഡ് ബ്രെവിസ് 33 പന്തിൽ 37 റൺസും തിലക് വർമ്മ 21 റൺസും നേടി പുറത്തായി.

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഷാർദുൽ താക്കൂർ, ആൻറിച്ച് നോർകിയ എന്നിവർ രണ്ട് വിക്കറ്റ് വീതവും കുൽദീപ് യാദവ് ഒരു വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 34 പന്തിൽ 43 റൺസ് നേടിയ റോവ്മാൻ പവൽ, 33 പന്തിൽ 39 റൺസ് നേടിയ ക്യാപ്റ്റൻ റിഷഭ് പന്ത് എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്.

മുംബൈ ഇന്ത്യൻസിന് വേണ്ടി ജസ്പ്രീത് ബുംറ നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും രമണ്ടീപ് സിങ് രണ്ട് വിക്കറ്റും മാർക്കണ്ഡേ, ഡാനിയേൽ സാംസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ വിജയിച്ചുവെങ്കിലും പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. മത്സരത്തിൽ മുംബൈ വിജയിച്ചതോടെ പ്ലേയോഫിൽ പ്രവേശിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മേയ് 25 ന് നടക്കുന്ന എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടും.