Skip to content

അന്ന് വോണിന് കീഴിൽ ഇന്ന് സഞ്ജുവിന് കീഴിൽ, ചരിത്രം ആവർത്തിക്കുമോ

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിനെ 5 വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ 2022 ലെ പ്ലേയോഫിൽ പ്രവേശിച്ചിരിക്കുകയാണ് സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. 151 റൺസിൻ്റെ വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ശേഷിക്കെയാണ് രാജസ്ഥാൻ റോയൽസ് മറികടന്നത്.

മത്സരത്തിൽ വിജയം നേടുന്നതിന് മുൻപേ പ്ലേയോഫിൽ ഉറപ്പിച്ച രാജസ്ഥാൻ റോയൽസ് വിജയത്തോടെ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യുകയും ചെയ്തു. ഷെയ്ൻ വോണിന് കീഴിൽ കിരീടം ചൂടിയ 2008 സീസണിലാണ് രാജസ്ഥാൻ റോയൽസ് ഇതിനുമുൻപ് പോയിൻ്റ് ടേബിളിൽ ടോപ്പ് ടൂവിൽ ഫിനിഷ് ചെയ്തത്. ആ സീസണിൽ 14 മത്സരങ്ങളിൽ 11 വിജയവുമായി ഒന്നാം സ്ഥാനക്കാരായാണ് റോയൽസ് ഫിനിഷ് ചെയ്തത്. അതിന് ശേഷം മൂന്ന് തവണ പ്ലേയോഫിൽ പ്രവേശിച്ചുവെങ്കിലും പോയിൻ്റ് ടേബിളിൽ ടോപ്പ് ടൂവിൽ ഫിനിഷ് ചെയ്യാൻ റോയൽസിന് സാധിച്ചിരുന്നില്ല.

ഇപ്പോഴിതാ 13 വർഷങ്ങൾക്ക് ശേഷം മലയാളി ക്യാപ്റ്റൻ സഞ്ജുവിൻ്റെ കീഴിൽ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തുകൊണ്ട് ക്വാളിഫയർ കളിക്കുവാൻ ഒരുങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. ഐ പി എൽ ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് റോയൽസ് പ്ലേയോഫിൽ പ്രവേശിക്കുന്നത്. ഇതിനുമുൻപ് 2018 സീസണിൽ രഹാനെ ക്യാപ്റ്റനായിരിക്കെയാണ് രാജസ്ഥാൻ പ്ലേയോഫിൽ പ്രവേശിച്ചത്.

മത്സരത്തിൽ 23 പന്തിൽ പുറത്താകാതെ 40 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ്റെയും 59 റൺസ് നേടിയ ജയ്സ്വാളിൻ്റെയും മികവിലാണ് രാജസ്ഥാൻ റോയൽസ് വിജയം കുറിച്ചത്.

സീസണിൽ ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപും നേടിയിരിക്കുന്നത് റോയൽസ് താരങ്ങളാണ്. 14 മത്സരങ്ങളിൽ നിന്നും 629 റൺസ് നേടിയ ജോസ് ബട്ട്ലറാണ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 26 വിക്കറ്റ് നേടിയ യുസ്വെന്ദ്ര ചഹാലാണ് പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.