Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങാനുള്ള എല്ലാ കഴിവും അവനുണ്ട്, രാഹുൽ ത്രിപാതിയെ പിന്തുണച്ച് മാത്യൂ ഹെയ്ഡൻ

ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്സിന് വേണ്ടി രാഹുൽ ത്രിപാതി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടിയ താരത്തിൻ്റെ മികവിലാണ് സൺറൈസേഴ്സ് വിജയം കുറിച്ചത്. മത്സരത്തിലെ പ്രകടനത്തിന് പുറകെ താരത്തെ പ്രശംസിച്ചിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓപ്പണറും കമൻ്റേറ്ററുമായ മാത്യൂ ഹെയ്ഡൻ.

ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ രാഹുൽ ത്രിപാതിയെ പിന്തുണച്ച ഹെയ്ഡൻ അന്താരാഷ്ട്ര തലത്തിൽ തിളങ്ങാനുള്ള എല്ലാ കഴിവും ത്രിപാതിയ്ക്കുണ്ടെന്നും കൂട്ടിചേർത്തു.

” തുടക്കത്തിൽ തന്നെ റൺസ് സ്കോർ ചെയ്ത് മുന്നേറാനുള്ള അവൻ്റെ കഴിവ് ഞാൻ ഇഷ്ടപെടുന്നു. പവർപ്ലേ വളരെ പ്രധാനമാണ്. പ്രത്യേകിച്ചും വിക്കറ്റുകൾ മന്ദഗതിയിലാകുന്ന സാഹചര്യങ്ങളിൽ ആ 6 ഓവറുകൾ അത് നിങ്ങൾ തീർച്ചയായും ഉപയോഗിക്കേണ്ടതുണ്ട്. കെയ്ൻ വില്യംസൻ ടോപ്പ് ഓർഡറിൽ നിന്നും മാറിയത് വളരെ നല്ലൊരു തീരുമാനമായിരുന്നു. ” ഹെയ്ഡൻ പറഞ്ഞു.

” ത്രിപാതി ഉത്തരവാദിത്വം ഏറ്റെടുത്ത രീതി എനിക്ക് വളരെയേറെ ഇഷ്ടപെട്ടു. ഭാവിയിൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് പോകാനുള്ള ചില യഥാർത്ഥ കഴിവുകൾ അവന് ലഭിച്ചിട്ടുണ്ട്. അവൻ അപകടകാരിയായ സ്ട്രൈക്കറാണ്. വിക്കറ്റിൻ്റെ ഇരുവശത്തേക്കും ഷോട്ടുകൾ പായിക്കുവാൻ അവന് സാധിക്കും. പ്രത്യേകിച്ച് ഷോർട്ട് പിച്ച് പന്തുകൾ നേരിടാനുള്ള അവൻ്റെ കഴിവാണ് എന്നെ കൂടുതൽ ആകർഷിക്കുന്നത്. ലോകകപ്പ് ടീമിൽ അവനെ തിരഞ്ഞെടുക്കണമെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ ഓസ്ട്രേലിയയിലെ ബൗൺസി പിച്ചുകളിൽ കളിക്കാനുള്ള ശേഷി അവനുണ്ട്. ” ഹെയ്ഡൻ കൂട്ടിച്ചേർത്തു.

സീസണിൽ ഇതുവരെ 13 മത്സരങ്ങളിൽ നിന്നും 39.30 ശരാശരിയിൽ 160 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 393 റൺസ് രാഹുൽ ത്രിപാതി നേടിയിട്ടുണ്ട്.