Skip to content

ഈ സീസണിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ അവനാണ്, സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ഇർഫാൻ പത്താൻ

ഈ ഐ പി എൽ സീസണിലെ ഏറ്റവും മികച്ച യുവ ക്യാപ്റ്റന്മാരിൽ ഒരാളായി രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ കേരളത്തിൻ്റെ സ്വന്തം സഞ്ജുവിനെ ഇർഫാൻ പത്താൻ അഭിനന്ദിച്ചത്.

സീസണിൽ സഞ്ജുവിൻ്റെ കീഴിൽ തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസ് കാഴ്ച്ചവെച്ചത്. 13 മത്സരങ്ങളിൽ നിന്നും 8 വിജയം നേടി 16 പോയിൻ്റോടെ നിലവിൽ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസുള്ളത്. ഈ സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടോട്ടൽ ഡിഫൻഡ് ചെയ്ത് വിജയിച്ച ക്യാപ്റ്റൻ കൂടിയാണ് സഞ്ജു സാംസൺ.

” ഈ സീസണിലെ ഏറ്റവും മികച്ച യുവ ക്യാപ്റ്റന്മാരിൽ ഒരാളാണ് സഞ്ജു സാംസൺ, ടോട്ടൽ ഡിഫൻഡ് ചെയ്യുമ്പോഴാണ് ക്യാപ്റ്റൻ്റെ റോൾ നിർണായകമാകുന്നത്. രാജസ്ഥാൻ റോയൽസിന് ഇത് സ്ഥിരതയോടെ ചെയ്യുവാൻ സാധിച്ചു. ” ട്വിറ്ററിൽ ഇർഫാൻ പത്താൻ കുറിച്ചു.

സീസണിൽ ജയിച്ച 8 മത്സരങ്ങളിൽ ഏഴിലും ആദ്യം ബാറ്റ് ചെയ്താണ് രാജസ്ഥാൻ റോയൽസ് വിജയിച്ചത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ വിജയിച്ചാൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് ക്വാളിഫയറിൽ കളിക്കുവാൻ രാജസ്ഥാൻ റോയൽസിന് സാധിക്കും.

സീസണിൽ വലിയ ഇന്നിങ്‌സുകൾ കളിക്കുവാൻ സാധിച്ചില്ലെങ്കിൽ പോലും മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. 13 മത്സരങ്ങളിൽ നിന്നും 29.92 ശരാശരിയിൽ 150 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 359 റൺസ് സഞ്ജു നേടിയിട്ടുണ്ട്.