Skip to content

ഈ സീസണിൽ തന്നെ അത്ഭുതപ്പെടുത്തിയ താരങ്ങൾ ആരൊക്കെ ; വെളിപ്പെടുത്തി സൗരവ് ഗാംഗുലി

യുവതാരങ്ങൾക്കും  അൺക്യാപ്പ്ഡ് കളിക്കാർക്കും  തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയാണ് ഐപിഎൽ. ഇന്ത്യൻ ടീമിലേക്ക് പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിൽ ഐപിഎൽ നിർണായക പങ്കാണ് ഇതുവരെ വഹിച്ചത്. ഇത്തവണ 10 ടീമുകൾ ഏറ്റുമുട്ടിയപ്പോൾ യുവതാരങ്ങൾക്ക് കൂടുതൽ അവസരമാണ് ലഭിച്ചത്. പതിവ് പോലെ തന്നെ പുതിയ പ്രതിഭകളെ സമ്മാനിച്ചിരിക്കുകയാണ് ഈ സീസണും.

അതിൽ ചിലരെ ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന ആരാധകരുടെ മുറവിളി കൂടുകയാണ്. ഇതിനിടെ തന്നെ അത്ഭുതപ്പെടുത്തിയ അൺക്യാപ്പ്ഡ് താരങ്ങളുടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഗാംഗുലി. സൺറൈസേഴ്‌സ് ഹൈദരാബാദ് പേസ് സെൻസേഷൻ ഉംറാൻ മാലിക്കിനെയും രാജസ്ഥാൻ റോയൽസ് ബൗളർ കുൽദീപ് സെന്നിനെയുമാണ് ഗാംഗുലി പരാമർശിച്ചത്. ഒരു അഭിമുഖത്തിൽ സംസാരിക്കവേയാണ് ഈ വെളിപ്പെടുത്തൽ.

150 കിലോമീറ്ററിൽ എത്ര പേർക്ക് പന്തെറിയാൻ കഴിയും?  അധികം പേർക്ക് കഴിയില്ല. ഉംറാൻ മാലികിനെ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഞാൻ അത്ഭുതപ്പെടില്ല.  എന്നിരുന്നാലും, അവനെ കൈകാര്യം ചെയ്യുന്നത്തിൽ  ശ്രദ്ധിക്കേണ്ടതുണ്ട്.  കുൽദീപ് സെന്നിനെയും എനിക്കിഷ്ടമാണ്, ടി നടരാജൻ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്.  അവസരം ലഭിക്കുന്നതൊക്കെ സെലക്ടർമാരുടെ കയ്യിലാണ് ”ഗാംഗുലി പറഞ്ഞു.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഈ സീസണിലെ ബൗളർമാരുടെ മേധാവിത്വത്തിൽ വാചാലനായി. “ബൗളർമാരുടെ ആധിപത്യത്തിൽ ഞാൻ വളരെ സന്തോഷവാനാണ്.  മുംബൈ, പൂനെ പിച്ച് വളരെ നല്ലതാണ് അവിടെ നല്ല ബൗണ്സർ സൃഷ്ടിക്കാൻ അവർക്കായി. സ്പിന്നർമാരും മികവ് പുലർത്തിയിട്ടുണ്ട് “അദ്ദേഹം പറഞ്ഞു.

അതേസമയം ഈ സീസണിൽ ഉംറാൻ മാലിക്ക് തന്റെ വേഗമേറിയ ഡെലിവറിയിലൂടെ ആരാധരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഇതുവരെ 12 മത്സരങ്ങളിൽ നിന്ന് 22.05 ശരാശരിയിൽ ഒരു അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ ഉംറാൻ 18 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.  ഈ സീസണിൽ അൺകാപ്പ്ഡ് താരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് അദ്ദേഹം. രാജസ്ഥാന്റെ പ്രധാന ബൗളർമാരിൽ ഒരാളായ കുൽദീപ് സെൻ ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് വീഴ്ത്തുകയും, പ്രത്യേകിച്ച് ഡെത്ത് ഓവറുകളിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തു.