Skip to content

ആ റെക്കോർഡ് ഉമ്രാൻ മാലിക്ക് തകർത്താൽ ഞാൻ അതിൽ സന്തോഷവാനാണ് : ഷോയിബ് അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡെലിവറിയെന്ന തൻ്റെ റെക്കോർഡ് ഇന്ത്യൻ യുവപേസർ ഉമ്രാൻ മാലിക്ക് തകർത്താൽ താനതിൽ സന്തോഷവാനായിരിക്കുമെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. 2003 ഏകദിന ലോകകപ്പിലാണ് 161.3 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞുകൊണ്ട് ഈ റെക്കോർഡ് അക്തർ സ്വന്തമാക്കിയത്. പിന്നീട് ഒരുപാട് പേസർമാർ അരങ്ങേറ്റം കുറിച്ചുവെങ്കിലും ആർക്കും തന്നെ ഈ റെക്കോർഡ് ഭേദിക്കുവാൻ സാധിച്ചിട്ടില്ല.

ഈ ഐ പി എൽ സീസണിൽ വേഗത കൊണ്ട് ഏവരെയും ഞെട്ടിച്ച ഉമ്രാൻ മാലിക്ക് സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞിരുന്നു. 157 കിലോമീറ്റർ വേഗതയിൽ ഉമ്രാൻ മാലിക്ക് എറിഞ്ഞ ഈ പന്ത് ഐ പി എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഡെലിവറിയാണ്.

” ഒരു നീണ്ട കരിയർ അവനുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കുറച്ചുദിവസങ്ങൾക്ക് മുൻപ് ഏറ്റവും വേഗമേറിയ പന്തെറിഞ്ഞിട്ട് ഇരുപത് വർഷമായെങ്കിലും ആർക്കും ആ റെക്കോർഡ് തകർക്കാൻ കഴിയാത്തതിൽ ആരോ എന്നെ അഭിനന്ദിച്ചു. പക്ഷേ ഈ റെക്കോർഡ് തകർക്കാൻ ആരെങ്കിലും ഉണ്ടായിരിക്കണമെന്ന് ഞാൻ പറഞ്ഞു. ഉമ്രാൻ എൻ്റെ റെക്കോർഡ് തകർത്താൽ ഞാൻ സന്തോഷവാനാണ്. എന്നാൽ ആ ലക്ഷ്യം നിറവേറ്റുന്നതിനിടയിൽ പരിക്ക് പറ്റില്ലെന്ന് അവൻ ഉറപ്പാക്കേണ്ടതുണ്ട്. ”

” പരിക്കുകൾ ഒന്നുമില്ലാതെ ദീർഘ കാലം അവൻ കളിക്കുന്നത് കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. ” അക്തർ പറഞ്ഞു.

” അന്താരാഷ്ട്ര വേദിയിൽ അവനെ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു, അതിനവൻ അർഹനാണ്. നിലവിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നവർ അധികമില്ല. ആ വേഗതയിൽ ഉമ്രാൻ മാലിക്ക് സ്ഥിരതയോടെ പന്തെറിയുന്നത് നമ്മൾ കണ്ടതാണ്. മനസ്സിൽ അവൻ 100 മൈൽ വേഗതയിൽ പന്തെറിയണമെന്നി ഞാൻ ആഗ്രഹിക്കുന്നു. 100 mph ക്ലബിൽ അവൻ പ്രവേശിച്ചാൽ എനിക്ക് സന്തോഷമാകും. കരിയറിനെ തടസ്സപെടുത്തുന്ന പരിക്കുകളിൽ നിന്നും അവൻ മാറിനിൽക്കേണം. ” അക്തർ കൂട്ടിചേർത്തു.