ഹാർദിക് പാണ്ഡ്യയുടെ കീഴിൽ വിജയകുതിപ്പ് തുടരുകയാണ് ഗുജറാത്ത് ടൈറ്റൻസ്. സീസണിൽ പ്ലേയോഫിൽ യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയ ഗുജറാത്ത് ചെന്നൈ സൂപ്പർ കിങ്സിനെതിരായ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. ആദ്യമായി ഐ പി എല്ലിൽ ക്യാപ്റ്റനാകുന്ന ഹാർദ്ധികു ക്യാപ്റ്റൻസിയിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ക്യാപ്റ്റൻസി മികവിൻ്റെ ക്രെഡിറ്റ് തൻ്റെ മുൻ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന് നൽകിയിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ.
” ക്യാപ്റ്റൻസിയിൽ മികവ് പുലർത്തിയെന്ന് ഞാൻ പറയും. കാരണം ഓരോരുത്തർക്കും ഒരുപാട് ഉത്തരവാദിത്വങ്ങൾ നൽകിയിരുന്ന ഫ്രാഞ്ചൈസിയിൽ നിന്നാണ് ഞാൻ എത്തിയത്. കൂടാതെ ഉത്തരവാദിത്വങ്ങൾ ഏറെ ആസ്വദിക്കുന്ന കളിക്കാരനാണ് ഞാൻ. ക്യാപ്റ്റൻസിയിൽ ഉടമസ്ഥാവകാശം നൽകുന്നതിനാൽ കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്ക് സാധിക്കുന്നു. ”

” കരിയറിൽ ഉടനീളം ഞാൻ ബാറ്റ് ചെയ്ത പൊസിഷൻ കാരണം കളി എങ്ങനെയാണ് പോകുന്നതെന്നും ചില സാഹചര്യങ്ങളിൽ ഏത് തരത്തിലുള്ള ബൗളറായിരിക്കും വേണ്ടതെന്നുമുള്ള ധാരാളം ആശയങ്ങൾ എനിക്ക് ലഭിക്കുന്നു. മറ്റൊരു ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കളിച്ചതും മുൻപ് ഞാൻ ചെയ്ത കാര്യങ്ങളും എൻ്റെ ക്യാപ്റ്റൻസിയെ സഹായിച്ചിട്ടുണ്ട്. ” സി എസ് കെയ്ക്കെതിരായ മത്സരശേഷം പാണ്ഡ്യ പറഞ്ഞു.
ഹെഡ് കോച്ച് ആശിഷ് നെഹ്റയുമായുള്ള കോമ്പിനേഷനെ കുറിച്ചും ഹാർദിക് മനസ്സുതുറന്നു. നെഹ്റയും താനും മാനസികമായി ഒരുപോലെയാണെന്നും അത് ടീമിനെ സഹായിച്ചിട്ടുണ്ടെന്നും പാണ്ഡ്യ പറഞ്ഞു.
13 മത്സരങ്ങളിൽ നിന്നും 10 വിജയവുമായി പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനം ഗുജറാത്ത് ടൈറ്റൻസ് ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു. മേയ് 19 ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായാണ് ഗുജറാത്ത് ടൈറ്റൻസിൻ്റെ അടുത്ത മത്സരം. പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പ്ലേയോഫ് യോഗ്യത നേടുവാൻ മത്സരത്തിൽ വമ്പൻ വിജയം അനിവാര്യമാണ്.
