Skip to content

എട്ടാം വിജയം, ലഖ്നൗവിനെ തകർത്ത് പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി രാജസ്ഥാൻ റോയൽസ്

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ പരാജയപെടുത്തി പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 24 റൺസിനാണ് രാജസ്ഥാൻ റോയൽസ് വിജയിച്ചത്. സീസണിലെ റോയൽസിൻ്റെ എട്ടാം വിജയമാണിത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ രാജസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി.

( Picture Source : IPL )

രാജസ്ഥാൻ ഉയർത്തിയ 179 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗ സൂപ്പർ ജയൻ്റ്സിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടാനെ സാധിച്ചുള്ളൂ. 39 പന്തിൽ 59 റൺസ് നേടിയ ദീപക് ഹൂഡ മാത്രമാണ് ലഖ്നൗവിന് വേണ്ടി തിളങ്ങിയത്.

( Picture Source : IPL )

നാലോവറിൽ 18 റൺസ് മാത്രം റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ട്രെൻഡ് ബോൾട്ടാണ് തുടക്കത്തിൽ തന്നെ ലഖ്നൗവിനെ സമ്മർദ്ദത്തിലാക്കിയത്. ഒബഡ് മക്കോയ് 35 റൺസ് വഴങ്ങി രണ്ട് വിക്കറ്റും പ്രസീദ് കൃഷ്ണ 32 റൺസ് വഴങ്ങി രണ്ട് വിക്കറ്റും യുസ്വെന്ദ്ര ചഹാൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : IPL )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 29 പന്തിൽ 41 റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 24 പന്തിൽ 32 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, 18 പന്തിൽ 39 റൺസ് നേടിയ ദേവ്ദത് പടിക്കൽ, 9 പന്തിൽ 17 റൺസ് നേടിയ ട്രെൻഡ് ബോൾട്ട് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി രവി ബിഷ്നോയ് രണ്ട് വിക്കറ്റും ആവേശ് ഖാൻ, ജേസൺ ഹോൾഡർ, ആയുഷ് ബധോനി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

13 മത്സരങ്ങളിൽ നിന്നും 16 പോയിൻറ് നേടിയെങ്കിലും ഇനിയുള്ള മത്സരം ഇരുടീമുകൾക്കും നിർണായകമാണ്. വിജയം നേടിയെങ്കിൽ മാത്രമേ പ്ലേയോഫ് ഉറപ്പാക്കുവാൻ ഇരുടീമുകൾക്കും സാധിക്കൂ. ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിൻ്റെ അടുത്ത മത്സരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ അടുത്ത മത്സരം.

( Picture Source : IPL )