Skip to content

ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ആന്ദ്രെ റസ്സൽ, പിന്നിലാക്കിയത് വീരേന്ദർ സെവാഗിനെ

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വിൻഡീസ് ഓൾ റൗണ്ടർ ആന്ദ്രെ റസ്സൽ. മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനെ പിന്നിലാക്കിയാണ് തകർപ്പൻ റെക്കോർഡ് റസ്സൽ സ്വന്തമാക്കിയത്.

മത്സരത്തിൽ 28 പന്തിൽ 3 ഫോറും 4 സിക്സുമടക്കം പുറത്താകാതെ 49 റൺസ് റസ്സൽ നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ഐ പി എല്ലിൽ 2000 റൺസ് റസ്സൽ പൂർത്തിയാക്കി. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തിൽ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് നേടിയ ബാറ്റ്സ്മാനാണ് റസ്സൽ. 2000 റൺസ് പൂർത്തിയാക്കുവാൻ വെറും 1120 പന്തുകൾ മാത്രമാണ് റസ്സലിന് വേണ്ടിവന്നത്.

1211 പന്തുകളിൽ നിന്നും ഐ പി എല്ലിൽ 2000 റൺസ് നേടിയ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിൻ്റെ റെക്കോർഡാണ് റസ്സൽ തകർത്തത്. 2000 റൺസ് പൂർത്തിയാക്കുവാൻ 1251 പന്തുകൾ നേരിട്ട ക്രിസ് ഗെയ്ൽ, 1306 പന്തുകൾ നേരിട്ട റിഷഭ് പന്ത്, 1309 പന്തുകൾ നേരിട്ട ഗ്ലെൻ മാക്‌സ്വേൽ എന്നിവരാണ് ഈ നേട്ടത്തിൽ റസ്സലിനും സെവാഗിനും പുറകിലുളളത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി 2000 റൺസ് നേടുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് ആന്ദ്രെ റസ്സൽ. ഗൗതം ഗംഭീർ, റോബിൻ ഉത്തപ്പ, യൂസഫ് പത്താൻ എന്നിവരാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി 2000 റൺസ് നേടിയിട്ടുള്ള മറ്റു ബാറ്റ്സ്മാന്മാർ.