Skip to content

കോഹ്ലിയും രോഹിത് ശർമ്മയും ബുംറയുമില്ല, ഇന്ത്യയെ ഹാർദിക് പാണ്ഡ്യയോ ധവാനോ നയിച്ചേക്കും

ഐ പി എല്ലിന് ശേഷം നടക്കാനിരിക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകാനൊരുങ്ങി ബിസിസിഐ. റിപ്പോർട്ടുകൾ പ്രകാരം ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, കെ എൽ രാഹുൽ അടക്കമുള്ള താരങ്ങൾ പരമ്പരയിൽ കളിച്ചേക്കില്ല. ജൂലൈയിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് മുന്നിൽ കണ്ടുകൊണ്ടാണ് സീനിയർ താരങ്ങൾക്ക് വിശ്രമം ഉറപ്പാക്കുവാൻ ബിസിസിഐ തീരുമാനിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം ഹാർദിക് പാണ്ഡ്യയോ സീനിയർ ഓപ്പണർ ശിഖാർ ധവാനോ ആയിരിക്കും പരമ്പരയിൽ ഇന്ത്യയെ നയിക്കുക. ഈ ഐ പി എല്ലിലൂടെ ക്യാപ്റ്റൻസിയിൽ കഴിവ് തെളിയിച്ചതിനാൽ പാണ്ഡ്യ തന്നെയായിരിക്കും ടീമിനെ നയിക്കാൻ സാധ്യത കൂടുതൽ.

” ടീമിലെ എല്ലാ സീനിയർ കളിക്കാർക്കും കുറഞ്ഞത് മൂന്നര ആഴ്ച്ചയോളം പൂർണവിശ്രമം ലഭിക്കും. രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ എൽ രാഹുൽ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഇംഗ്ലണ്ടിലേക്ക് നേരിട്ട് തിരിക്കും. ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് എല്ലാ പ്രധാന കളിക്കാർക്കും മതിയായ വിശ്രമം ലഭിക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. ” ബിസിസിഐ വക്താവ് വ്യക്തമാക്കി.

ഈ ഐ പി എൽ സീസണിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച പേസർമാരായ ഉമ്രാൻ മാലിക്ക്, മോഹ്സിൻ ഖാൻ, അർഷ്ദീപ് സിങ് എന്നിവർക്ക് പരമ്പരയിൽ അവസരം ലഭിച്ചേക്കും. ഇതിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ മോഹ്സിൻ ഖാനാണ് കൂടുതൽ സാധ്യതയുള്ളത്. പരിക്കേറ്റ സൂര്യകുമാർ യാദവും, രവീന്ദ്ര ജഡേജയും കളിക്കില്ല.

ഋതുരാജ് ഗയ്ക്ക്വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ധവാൻ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ എന്നിവരടങ്ങുന്നതായിരിക്കും ടീമിൻ്റെ ബാറ്റിങ് നിര. ദിനേശ് കാർത്തിക്കിന് അവസരം നൽകുമോയെന്നത് കണ്ടുതന്നെയറിയണം.  മേയ് 22 നായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. ജൂൺ ഒമ്പതിനാണ് പരമ്പര ആരംഭിക്കുന്നത്.