Skip to content

പ്ലേയോഫ് പ്രതീക്ഷകൾക്ക് തിരിച്ചടി, പഞ്ചാബിനെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങി ആർ സീ ബി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിൽ 54 റൺസിൻ്റെ വമ്പൻ തോൽവിയാണ് ആർ സീ ബി ഏറ്റുവാങ്ങിയത്. വിജയത്തോടെ പഞ്ചാബ് കിങ്സ് തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.

( Picture Source : BCCI )

22 പന്തിൽ 35 റൺസ് നേടിയ ഗ്ലെൻ മാക്സ്വെൽ മാത്രമാണ് ബാംഗ്ലൂർ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. വിരാട് കോഹ്ലി 20 റൺസും ദിനേശ് കാർത്തിക് 11 റൺസും നേടി പുറത്തായി.

പഞ്ചാബ് കിങ്സിന് വേണ്ടി കഗിസോ റബാഡ മൂന്ന് വിക്കറ്റും ഋഷി ധവാൻ, രാഹുൽ ചഹാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

( Picture Source : BCCI )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് ജോണി ബെയർസ്റ്റോയുടെയും ലിയാം ലിവിങ്സ്റ്റൻ്റെയും ഫിഫ്റ്റി മികവിലാണ് മികച്ച സ്കോർ നേടിയത്. ബെയർസ്റ്റോ 29 പന്തിൽ 66 റൺസ് നേടിയപ്പോൾ ലിയാം ലിവിങ്സ്റ്റൺ 42 പന്തിൽ 70 റൺസ് നേടി.

( Picture Source : BCCI )

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ഹർഷൽ പട്ടേൽ നാലോവറിൽ 34 റൺസ് വഴങ്ങി നാല് വിക്കറ്റും ഹസരങ്ക 15 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി. 13 മത്സരങ്ങളിൽ നിന്നും 14 പോയിൻ്റ് നേടി നിലവിൽ നാലാം സ്ഥാനത്താണ് ആർ സീ ബിയുള്ളത്. ഇതിനകം തന്നെ പ്ലേയോഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ബംഗ്ലൂരിൻ്റെ അടുത്ത മത്സരം. മറുഭാഗത്ത് സീസണിലെ ആറാം വിജയം നേടിയ പഞ്ചാബ് പോയിൻ്റ് ടേബിളിൽ ആറാം സ്ഥാനത്തെത്തി. ഇനി ഡൽഹി ക്യാപിറ്റൽസിനെതിരെയും സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുമാണ് പഞ്ചാബിന് മത്സരങ്ങൾ ഉള്ളത്.

( Picture Source : BCCI )