Skip to content

സ്റ്റേഡിയത്തിൽ പവർകട്ട്, ചെന്നൈ സൂപ്പർ കിങ്സിന് ഡി ആർ എസ് അനുവദിക്കാതെ അമ്പയർമാർ

ഐ പി എല്ലിൽ വിവാദങ്ങൾക്ക് തിരികൊളുത്തി ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം. വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പവർകട്ട് മൂലം ചെന്നൈ സൂപ്പർ കിങ്സിന് ഡി ആർ എസ് അനുവദിക്കാതിരുന്നതാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

ചെന്നൈ സൂപ്പർ കിങ്സിൻ്റെ ബാറ്റിങിനിടെയാണ് വിവാദത്തിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഡാനിയേൽ സാംസ് എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്ത് കോൺവേയുടെ പാടിൽട് തട്ടുകയും മുംബൈ താരങ്ങൾ അപ്പീൽ ചെയ്തതിനെ തുടർന്ന് അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ ഒറ്റ നോട്ടത്തിൽ ലെഗ് സ്റ്റമ്പ് മിസ്സ് ചെയ്യുമെന്ന് തോന്നിച്ചുവെങ്കിലും സ്റ്റേഡിയത്തിൽ പവർകട്ട് മൂലം ഡി ആർ എസ് ഇല്ലാത്തതിനാൽ അമ്പയരുടെ തീരുമാനത്തിനെതിരെ റിവ്യൂ നൽകുവാൻ കോൺവേയ്ക്ക് സാധിച്ചില്ല.

തുടർന്ന് ബുംറ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ റോബിൻ ഉത്തപ്പയെ ബുംറ വിക്കറ്റിന് മുൻപിൽ കുടുക്കിപുറത്താക്കി. പവർകട്ട് മൂലം ഡി ആർ എസ് ഇല്ലാത്തതിനാൽ റോബിൻ ഉത്തപ്പയ്ക്കും റിവ്യൂ നല്കുവാൻ സാധിച്ചില്ല.

മത്സരം പകുതി പിന്നിട്ടതിന് ശേഷമാണ് ഡി ആർ എസ് ചെന്നൈ സൂപ്പർ കിങ്സിന് ലഭിച്ചത്. രൂക്ഷമായ വിമർശനമാണ് ഈ സംഭവത്തിന് ശേഷം ഐ പി എൽ ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത്.

തുടർച്ചയായ മൂന്ന് ഫിഫ്റ്റി നേടി തകർപ്പൻ ഫോമിലുള്ള കോൺവേയുടെ വിക്കറ്റ് മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടിയായി. മത്സരത്തിൽ 16 ഓവറിൽ 97 റൺസ് എടുക്കുന്നതിനിടെ ചെന്നൈ സൂപ്പർ കിങ്സിന് മുഴുവൻ വിക്കറ്റും നഷ്ടമായി. 33 പന്തിൽ പുറത്താകാതെ 36 റൺസ് നേടിയ ക്യാപ്റ്റൻ എം എസ് ധോണി മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

മുംബൈ ഇന്ത്യൻസിന് വേണ്ടി ഡാനിയേൽ സാംസ് മൂന്ന് വിക്കറ്റും റിലെ മെറഡിത്, കുമാർ കാർത്തികേയ എന്നിവർ രണ്ട് വിക്കറ്റ് വീതവും ജസ്പ്രീത് ബുംറയും രമൻദീപ് സിങും ഓരോ വിക്കറ്റ് വീതവും നേടി.