Skip to content

ഞാനാണ് സെലക്ടറെങ്കിൽ തീർച്ചയായും അവനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തും, സുനിൽ ഗവാസ്കർ

ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്തമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. താനായിരുന്നു സെലക്ടറെങ്കിൽ ദിനേശ് കാർത്തിക് തീർച്ചയായും ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.

” ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ഞാനും ദിനേശ് കാർത്തിക്കും ഒരുമിച്ച് കമൻ്ററി ചെയ്തിരുന്നു. അതിന് മുൻപ് ക്വാറൻ്റീനിൽ ആയിരുന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരുപാട് സമയം ചിലവഴിച്ചു. 2021 ടി20 ലോകകപ്പിലും 2022 ലോകകപ്പിലും കളിക്കുന്നതിൽ എത്രത്തോളം ദൃഢനിശ്ചയം അവനുണ്ടായിരുന്നുവെന്ന് എനിക്കറിയാം. 2021 ടി20 ലോകകപ്പ് ടീമിൽ അവന് ഇടം നേടുവാൻ സാധിച്ചില്ല. പക്ഷേ ഈ ഐ പി എൽ സീസണിലെ അവൻ്റെ പ്രകടനം നോക്കൂ, ഞാൻ സെലക്ടറായിരുന്നുവെങ്കിൽ വരാനിരിക്കുന്ന ലോകകപ്പിൽ അവൻ്റു തീർച്ചയായും ഞാൻ തിരഞ്ഞെടുക്കും. ” സുനിൽ ഗവാസ്കർ പറഞ്ഞു.

” ഫോം പ്രധാനമാണ്. ഫോം താൽകാലികമാണെന്നും ക്ലാസ് സ്ഥിരമാണെന്നും ആളുകൾ പറയുന്നു. ഒരു ക്ലാസ് പ്ലേയർ ഫോമിലാണെങ്കിൽ തീർച്ചയായും അവനെ തിരഞ്ഞെടുക്കണം. നിലവിൽ അവൻ ബാറ്റ് ചെയ്യുന്ന രീതി നോക്കിയാൽ ഇന്ത്യൻ ടീമിൽ ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി അവനെ ഉൾപ്പെടുത്തണം. വിക്കറ്റ് കീപ്പിങ് അധിക ഓപ്ഷനായിരിക്കണം.”

” അവൻ്റെ പ്രായത്തെ കുറിച്ച് ചിന്തിക്കേണ്ട. അവൻ 20 ഓവറുകളിൽ കീപ്പ് ചെയ്യുന്നു. അതിനുശേഷം ചൂടുള്ള സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യുന്നു. ഫോമിൻ്റെ അടിസ്ഥാനത്തിൽ അവനെ ടീമിൽ പരിഗണിക്കണം. മറ്റു രണ്ട് വിക്കറ്റ് കീപ്പിങ് ഓപ്ഷനുള്ളത് കെ എൽ രാഹുലും റിഷഭ് പന്തുമാണ്. പന്തിൻ്റെ ഫോമിൽ മാറ്റം വന്നുകൊണ്ടിരിക്കുന്നു. എന്നാൽ അവൻ്റെ സെലക്ഷനിൽ ചോദ്യങ്ങൾ ഒന്നും തന്നെയില്ല. ”

” മൂന്ന് വിക്കറ്റ് കീപ്പർമാരെ ഉൾപ്പെടുത്താൻ പാടില്ലയെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല. ” സുനിൽ ഗാവസ്കർ കൂട്ടിച്ചേർത്തു.