Skip to content

അക്കാര്യം അവർ നേരത്തേ സൂചിപ്പിച്ചിരുന്നു, മൂന്നാമനായി ബാറ്റിങിനിറങ്ങിയ മാസ്റ്റർ പ്ലാനിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ കഴിവ് തെളിയിച്ച ബാറ്റ്സ്മാനാണെങ്കിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ബാറ്റിങിൽ മികവ് പുറത്തെടുക്കാൻ അശ്വിന് സാധിച്ചിരുന്നില്ല. എന്നാൽ ഈ സീസണിൽ രാജസ്ഥാൻ റോയൽസിന് മൂന്ന് മത്സരങ്ങളിൽ മൂന്നാമനായി താരം ക്രീസിലെത്തി. ആദ്യ മത്സരത്തിൽ തിളങ്ങാനായില്ലയെങ്കിലും രണ്ടാമത്തെ മത്സരത്തിൽ 9 പന്തിൽ 17 റൺസ് താരം നേടിയിരുന്നു.

ഇപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിൻ്റെ ഈ മാസ്റ്റർപ്ലാൻ ഏറെകുറെ വിജയിക്കുകയും ചെയ്തു. 38 പന്തിൽ 50 റൺസ് നേടിയാണ് അശ്വിൻ മത്സരത്തിൽ പുറത്തായത്. സീസണിന് മുൻപേ തന്നെ തന്നെ ടോപ്പ് ഓർഡറിൽ ഉപയോഗിക്കാൻ ടീം തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. ബാറ്റിങ് മെച്ചപെടുത്തുവാൻ താൻ പരിശീലിച്ചിരുന്നുവെന്നും ടെക്നിക്കിലും താൻ മാറ്റം വരുത്തിയെന്നും അശ്വിൻ പറഞ്ഞു.

” എനിക്ക് എന്തും ചെയ്യുവാനുള്ള ലൈസൻസൊന്നും അവർ നൽകിയിട്ടില്ല. എന്നെ ടോപ്പ് ഓർഡറിൽ ഉപയോഗിക്കുമെന്ന് സീസണിൻ്റെ തുടക്കത്തിൽ തന്നെ അവർ സൂചിപ്പിച്ചിരുന്നു. ചില പരിശീലന മത്സരങ്ങളിൽ ഞാൻ ഓപ്പൺ ചെയ്യുകയും ചെയ്തു. അതെല്ലാം ഞാൻ നന്നായി ആസ്വദിച്ചിരുന്നു. ”

” ബാറ്റിങ് മെച്ചപെടുത്തുവാൻ ഞാൻ പരിശീലനം നടത്തി. ഞാൻ ചെയ്ത ജോലിയുടെ ഫലം ഫീൽഡിൽ കാണാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. ഇന്നത്തെ പ്രകടനത്തിൽ വളരെയധികം സന്തോഷമുണ്ട്. എന്നിരുന്നാലും അത് ടീമിൻ്റെ വിജയത്തിലേക്ക് നയിച്ചില്ല. ” അശ്വിൻ പറഞ്ഞു.

” ഇന്ന് പിച്ച് അത്ര എളുപ്പമായിരുന്നില്ല. അതിനെ കുറിച്ച് ഞങ്ങൾ ആശയവിനിമയം നടത്തിയിരുന്നു. 15 അല്ലെങ്കിൽ 20 റൺസ് അധികമായി ഞങ്ങൾ നേടണമായിരുന്നു. ഇന്ന് രണ്ടാം പകുതിയിൽ ഒന്നും തന്നെ ഞങ്ങളുടെ ഭാഗത്തായിരുന്നില്ല. അതെ ഇന്ന് ഞങ്ങളുടെ ദിവസമായിരുന്നില്ല. ” അശ്വിൻ കൂട്ടിചേർത്തു.