Skip to content

മിച്ചൽ മാർഷിനെ പുറത്താക്കി ചഹാൽ നേടിയത് തകർപ്പൻ റെക്കോർഡ്, പിന്നിലാക്കിയത് സൊഹൈൽ തൻവീറിനെ

തകർപ്പൻ പ്രകടനമാണ് ഈ ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി യുസ്വെന്ദ്ര ചഹാൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും മിച്ചൽ മാർഷിനെ പുറത്താക്കി വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനം താരം ഊട്ടിഉറപ്പിച്ചിരുന്നു. മത്സരത്തിൽ നേടിയ ഈ വിക്കറ്റോടെ ഐ പി എല്ലിൽ തലർപ്പൻ നേട്ടം കുറിച്ചിരിക്കുകയാണ് യുസ്വെന്ദ്ര ചഹാൽ.

സീസണിലെ മത്സരത്തിന് മുൻപ് 22 വിക്കറ്റ് താരം നേടിയിരുന്നു. മത്സരത്തിൽ മിച്ചൽ മാർഷിനെ പുറത്താക്കിയതോടെ ഒരു ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിന് ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളറായി ചഹാൽ മാറി. പ്രഥമ ഐ പി എൽ സീസണിൽ 22 വിക്കറ്റ് നേടിയ പാകിസ്ഥാൻ താരം സൊഹൈൽ തൻവീറിനെയാണ് ചഹാൽ പിന്നിലാക്കിയത്.

2013 സീസണിൽ 28 വിക്കറ്റ് നേടിയ മുൻ ഓസ്ട്രേലിയൻ താരം ജെയിംസ് ഫോക്നറാണ് ഒരു ഐ പി എൽ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള ബൗളർ. സീസണിൽ ഇനി രണ്ട് മത്സരങ്ങൾ ശേഷിക്കെ ഫോക്നറെ മറികടക്കാനുള്ള അവസരം ചഹാലിന് മുൻപിലുണ്ട്. കൂടാതെ രാജസ്ഥാൻ പ്ലേയോഫിൽ പ്രവേശിച്ചാൽ ഈ റെക്കോർഡ് ചഹാലിന് അനായാസം മറികടക്കാം.

മത്സരത്തിൽ 8 വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് പരാജയപെട്ടത്. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 161 റൺസിൻ്റെ വിജയലക്ഷ്യം 18.1 ഓവറിൽ 2 വിക്കറ്റ് നഷ്ടതിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു. 62 പന്തിൽ 89 റൺസ് നേടിയ മിച്ചൽ മാർഷും, 41 പന്തിൽ 52 റൺസ് നേടിയ ഡേവിഡ് വാർണറുമാണ് ഡൽഹി ക്യാപിറ്റൽസിന് അനായാസ വിജയം സമ്മാനിച്ചത്.