എനിക്ക് പ്രചോദനമേകിയത് അദ്ദേഹമാണ്, തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് താരം മഹീഷ് തീക്ഷണ

തൻ്റെ റോൾ മോഡൽ ആരെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സിൻ്റെ ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ. സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി മികച്ച പ്രകടനമാണ് ഈ ശ്രീലങ്കൻ സ്പിന്നർ കാഴ്ച്ചവെച്ചത്. ഒരു കാലത്ത് ബാറ്റ്സ്മാന്മാരെ കറക്കിവീഴ്ത്തിയ അജന്ത മെൻഡിസാണ് തൻ്റെ റോൾ മോഡലെന്ന് ചെന്നൈ സൂപ്പർ കിങ്സ് പങ്കുവെച്ച വീഡിയോയിൽ തീക്ഷണ പറഞ്ഞു.

സീസണിൽ 8 മത്സരങ്ങളിൽ നിന്നും 12 വിക്കറ്റ് തീക്ഷ്ണ നേടിയിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ താരമാണ് ചെന്നൈ സൂപ്പർ കിങ്സിന് സീസണിലെ ആദ്യ വിജയം സമ്മാനിച്ചത്. കഴിഞ്ഞ സീസണിൽ ടീമിൻ്റെ നെറ്റ് ബൗളർ കൂടിയായിരുന്ന തീക്ഷണയെ 70 ലക്ഷത്തിനാണ് മെഗാ താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്ക് വേണ്ടി നാല് ഏകദിനങ്ങളിലും 15 ടി20 യിലും താരം കളിച്ചിട്ടുണ്ട്.

” അജന്ത മെൻഡിസാണ് എൻ്റെ പ്രചോദനം, കാരണം അദ്ധേഹം എൻ്റെ പരിശീലകനായിരുന്നു. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി അദ്ദേഹത്തോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കുവാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ” ചെന്നൈ സൂപ്പർ കിങ്സ് പങ്കുവെച്ച വീഡിയോയിൽ തീക്ഷ്ണ പറഞ്ഞു.

ഒരുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്ന ബൗളർമാരിൽ ഒരാളായിരുന്നു അജന്ത മെൻഡിസ്. ശ്രീലങ്കയ്ക്ക് വേണ്ടി 19 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 70 വിക്കറ്റും 87 ഏകദിന മത്സരങ്ങളിൽ നിന്നും 152 വിക്കറ്റും 39 ടി20 മത്സരങ്ങളിൽ നിന്നും 66 വിക്കറ്റും മെൻഡിസ് നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20 യിൽ രണ്ട് തവണ 6 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഒരേയൊരു ബൗളറായ മെൻഡിസ് എകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് നേടിയ ബൗളർ കൂടിയാണ്. വെറും 19 മത്സരങ്ങളിൽ നിന്നുമാണ് താരം 50 വിക്കറ്റ് പൂർത്തിയാക്കിയത്.