Skip to content

ഐ പി എൽ വില്ലനാകുമോ, സൂര്യകുമാർ യാദവിന് പുറകെ ജഡേജയും പരിക്ക് മൂലം പുറത്തേക്ക്

ഐ പി എൽ പതിനഞ്ചാം സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആശങ്കപെടുത്തുന്ന വാർത്തകളാണ് ഇന്ത്യൻ ടീമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യകുമാർ യാദവിന് പുറകെ ഇന്ത്യൻ ടീമിലെ മറ്റൊരു പ്രധാന താരമായ രവീന്ദ്ര ജഡേജയും പരിക്ക് മൂലം ടൂർണമെൻ്റിൽ നിന്നും പുറത്തായിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ ജഡേജ കളിക്കില്ല.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഫീൽഡിങിനിടെയാണ് രവീന്ദ്ര ജഡേജയ്ക്ക് പരിക്ക് പറ്റിയത്. തുടർന്ന് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ താരം കളിച്ചിരുന്നില്ല.

സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ജഡേജയ്ക്ക് ക്യാപ്റ്റൻസിയ്ക്കൊപ്പം തൻ്റെ പ്രകടനത്തിലും മികവ് പുലർത്താൻ സാധിച്ചിരുന്നില്ല. 10 മത്സരങ്ങളിൽ നിന്നും 116 റൺസ് മാത്രം നേടിയ ജഡേജയ്ക്ക് അഞ്ച് വിക്കറ്റ് മാത്രമാണ് നേടുവാൻ സാധിച്ചത്. ടീമിൻ്റെയും തൻ്റെയും മോശം പ്രകടനത്തെ ക്യാപ്റ്റൻ സ്ഥാനം എം എസ് ധോണിയ്ക്ക് തന്നെ ജഡേജ കൈമാറിയിരുന്നു.

സീസണിൽ 11 മത്സരങ്ങളിൽ നിന്നും നാല് വിജയം നേടിയ ചെന്നൈ സൂപ്പർ കിങ്സിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ല. എന്നാൽ ആർ സീ ബിയും രാജസ്ഥാൻ റോയൽസും ഓരോ മത്സരം വീതം വിജയിച്ചാൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ പ്രതീക്ഷകൾ അവസാനിക്കും.

മേയ് 12 ന് പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസുമായാണ് ചെന്നൈ സൂപ്പർ കിങ്സിൻ്റെ അടുത്ത മത്സരം. സീസണിലെ ആദ്യ മത്സരത്തിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് മൂന്ന് വിക്കറ്റിൻ്റെ ആവേശവിജയം സ്വന്തമാക്കിയിരുന്നു.