Skip to content

ആ നിർദ്ദേശം എന്നെ ഏറെ സഹായിച്ചു, കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ പുജാര നൽകിയ നിർദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി മൊഹമ്മദ് റിസ്വാൻ

കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ ഇന്ത്യൻ സീനിയർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാര തനിക്ക് നൽകിയ നിർദ്ദേശത്തെ കുറിച്ച് വെളിപ്പെടുത്തി പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ. ഈ സീസണിൽ സസെക്സിന് വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ മോശം തുടക്കമായിരുന്നു മൊഹമ്മദ് റിസ്വാന് ലഭിച്ചത്. എന്നാൽ അതിനുശേഷം പുജാര നൽകിയ നിർദേശം മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനെ സഹായിച്ചു.

( Picture Source : Twitter )

ഡർഹാമിനെതിരായ മത്സരത്തിൽ പുജാരയ്ക്കൊപ്പം 154 റൺസിൻ്റെ കൂട്ടുകെട്ട് റിസ്വാൻ പടുത്തുയർത്തിയിരുന്നു. പുജാര ഡബിൾ സെഞ്ചുറി നേടിയ മത്സരത്തിൽ 79 റൺസ് നേടിയാണ് റിസ്വാൻ പുറത്തായത്.

” നേരത്തേ പുറത്തായ ശേഷം ഞാൻ പുജാരയുമായി സംസാരിച്ചിരുന്നു. അവൻ എന്നോട് കുറച്ചുകാര്യങ്ങൾ പറഞ്ഞു. അതിലൊന്ന് ശരീരത്തോട് ചേർന്ന് കളിക്കുകയെന്നതായിരുന്നു. എല്ലാവർക്കും അറിയാവുന്നത് പോലെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ സ്ഥിരമായി വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കുന്നു. അവിടെ ശരീരത്തോട് അൽപ്പം മാറിയാണ് ബാറ്റ് ചെയ്യുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ പന്ത് അത്രയധികം സ്വിങ് ചെയ്യാത്തതിനാൽ നിങ്ങളുടെ ശരീരത്തോട് ചേർന്ന് കളിക്കേണ്ടതില്ല. ”

( Picture Source : Twitter )

” ഇവിടെ ( കൗണ്ടിയിൽ ) ശരീരത്തോട് മാറിയാണ് ഞാൻ ഷോട്ടുകൾ കളിക്കുവാൻ ശ്രമിച്ചത്. സമാനമായ രീതിയിൽ രണ്ട് തവണ ഞാൻ പുറത്തായി. അതിന് ശേഷം നെറ്റ്സിൽ ഞാൻ പുജാരയെ കണ്ടുമുട്ടി. അന്ന് അവൻ പറഞ്ഞ കാര്യം ഞാൻ ഓർക്കുന്നു, ഏഷ്യയിൽ കളിക്കുമ്പോൾ നമ്മൾ കൂടുതലായി ഡ്രൈവിന് ശ്രമിക്കുന്നു, എന്നാൽ ഇവിടെ ( ഇംഗ്ലണ്ടിൽ ) അത് ചെയ്യേണ്ടതില്ല. നമ്മൾ ശരീരത്തോട് ചേർന്ന് കളിക്കണം. ഇതാണ് അവൻ എന്നോട് പറഞ്ഞത്.” റിസ്വാൻ പറഞ്ഞു.

( Picture Source : Twitter )

സീസണിൽ തകർപ്പൻ പ്രകടനമാണ് പുജാര കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്നും 4 സെഞ്ചുറിയടക്കം 143.40 ശരാശരിയിൽ 717 റൺസ് പുജാര നേടിയിട്ടുണ്ട്.

( Picture Source : Twitter )