Skip to content

ഇന്ത്യ നമ്മുടെ ശത്രു രാജ്യമല്ല, അഫ്രീദിയ്ക്ക് മറുപടിയുമായി ഡാനിഷ് കനേരിയ

മുൻ പാകിസ്ഥാൻ താരങ്ങളായ ഡാനിഷ് കനേരിയയും ഷാഹിദ് അഫ്രീദിയും തമ്മിലുള്ള വാക്ക്പോര് കൂടുതൽ രൂക്ഷമാകുന്നു. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച കനേരിയയെ അഫ്രീദി രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യയെ ശത്രുരാജ്യമെന്ന് വിളിച്ച അഫ്രീദി കനേരിയ പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അഫ്രീദി വിമർശിച്ചു. ഇന്ത്യയെ ശത്രുരാജ്യമെന്ന് വിളിച്ച അഫ്രീദിയ്ക്ക് മറുപടിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് കനേരിയ.

” ഇന്ത്യ നമ്മുടെ ശത്രു രാജ്യമല്ല. മതത്തിൻ്റെ പേരിൽ ആളുകളെ തെറ്റിദ്ധരപ്പിരിക്കുന്നവരാണ് നമ്മുടെ ശത്രുക്കൾ. ഇന്ത്യയെ നിങ്ങൾ ശത്രുവായി കാണുന്നുവെങ്കിൽ ഒരിക്കലും ഒരു ഇന്ത്യൻ മാധ്യമത്തിലേക്കും പോകരുത്. ” ഡാനിഷ് കനേരിയ ട്വിറ്ററിൽ കുറിച്ചു.

പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഫ്രീദിയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ കനേരിയ ഉന്നയിച്ചത്. അഫ്രീദി തന്നെ മനപൂർവ്വം ടീമിൽ നിന്നും പുറത്തിരുത്തിയെന്നും യൂനിസ് ഖാൻ വന്നതിന് ശേഷമാണ് തനിക്ക് അവസരങ്ങൾ ലഭിച്ചതെന്നും മതം മാറുവാൻ പോലും അഫ്രീദി നിർബന്ധിച്ചിരുന്നുവെന്നും കനേരിയ ആരോപിച്ചിരുന്നു.

” ഞാൻ ടീമിൽ ഉണ്ടാകുവാൻ അഫ്രീദി ആഗ്രഹിച്ചിരുന്നില്ല. അഫ്രീദിയൊരു നുണയനായിരുന്നു, മറ്റു കളിക്കാരുടെ അടുത്തുപോയി എനിക്കെതിരെ പ്രകോപനം സൃഷ്ടിക്കാൻ അവൻ ശ്രമിച്ചിരുന്നു. ഭാഗ്യവശാൽ മറ്റുള്ളവരെല്ലാം എന്നെ വളരെയേറെ പിന്തുണച്ചു. യൂനിസ് ഖാൻ ക്യാപ്റ്റനായതിന് ശേഷം എല്ലാ മത്സരങ്ങളിലും ഞാൻ കളിച്ചു. ഞാൻ നന്നായി കളിച്ചതിൽ അഫ്രീദിയ്ക്ക് എന്നോട് അസൂയ തോന്നിയിരുന്നു. പാകിസ്ഥാന് വേണ്ടി കളിക്കാൻ സാധിച്ചതിൽ എനിക്കെന്നും അഭിമാനമുണ്ട്. ” ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കനേരിയ പറഞ്ഞു.