Skip to content

വീണ്ടും ഗോൾഡൻ ഡക്കായി വിരാട് കോഹ്ലി, സീസണിൽ ഇത് മൂന്നാം തവണ

ഐ പി എല്ലിലെ തൻ്റെ മോശം ഫോം തുടർന്ന് മുൻ ആർ സീ ബി നായകൻ വിരാട് കോഹ്ലി. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെയാണ് കോഹ്ലി പുറത്തായത്. ഇക്കുറി സ്പിന്നർ സുചിതിന് മുൻപിലാണ് കോഹ്ലി വീണത്.

സീസണിൽ ഇത് മൂന്നാം തവണയാണ് കോഹ്ലി ഗോൾഡൻ ഡക്കാവുന്നത്. നേരത്തേ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിലും ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ കോഹ്ലി ആദ്യ പന്തിൽ തന്നെ പുറത്താക്കപെട്ടിരുന്നു. മത്സരത്തിലെ ആദ്യ പന്തിൽ തന്നെയാണ് ജെ സുചിത് വിരാട് കോഹ്ലിയെ പുറത്താക്കിയത്. പാഡിലേക്ക് വന്ന പന്ത് കോഹ്ലി നേരെ ഷോർട്ട് മിഡ് വിക്കറ്റിലേക്ക് ഫ്ളിക് ചെയ്യുകയും ക്യാപ്റ്റൻ കെയ്ൻ വില്യംസൻ അനായാസം ക്യാച്ച് നേടുകയും ചെയ്യുകയായിരുന്നു.

ടോപ്പ് 5 ൽ ബാറ്റ് ചെയ്യവെ ഒരു സീസണിൽ മൂന്ന് തവണ ഗോൾഡൺ ഡക്കാവുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് കോഹ്ലി. ഇതിനുമുൻപ് 2013 സീസണിൽ സുരേഷ് റെയ്നയും 2018 സീസണിൽ രോഹിത് ശർമ്മയും 2020 ൽ നിതീഷ് റാണയും മൂന്ന് തവണ ഗോൾഡൻ ഡക്കായിട്ടുണ്ട്.

സീസണിൽ ഇത് മൂന്നാം തവണയും ഐ പി എല്ലിൽ ഇത് ആറാം തവണയുമാണ് കോഹ്ലി ഗോൾഡൻ ഡക്കാവുന്നത്. ഒരു സീസണിൽ മൂന്ന് തവണ ഗോൾഡൻ ഡക്കാകുന്ന ആദ്യ ബാംഗ്ലൂർ താരമാണ് വിരാട് കോഹ്ലി. ഈ സീസണിന് മുൻപ് 2017 സീസണിലും 2014 സീസണിലും 2008 സീസണിലുമാണ് കോഹ്ലി ഐ പി എല്ലിൽ ആദ്യ പന്തിൽ തന്നെ പുറത്തായത്.

സീസണിൽ 11 മത്സരങ്ങളിൽ നിന്നും 21.60 ശരാശരിയിൽ 216 റൺസ് മാത്രമാണ് കോഹ്ലി നേടിയിട്ടുള്ളത്. 111.92 മാത്രമാണ് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ്. ഒരു ഫിഫ്റ്റി നേടിയ കോഹ്ലിയുടെ ടോപ്പ് സ്കോർ 58 റൺസാണ്.