Skip to content

മറ്റാരെ ക്യാപ്റ്റനാക്കിയാലും എന്നെ ക്യാപ്റ്റനാക്കില്ലയെന്ന് അവർ പറഞ്ഞു, ഇന്ത്യൻ ക്യാപ്റ്റനാകാതിരുന്നതിനെ കുറിച്ച് യുവരാജ് സിങ്

ഇന്ത്യ നേടിയ രണ്ട് ലോകകപ്പിലും നിർണായക പ്രകടനം കാഴ്ച്ചവെച്ച താരമാണ് യുവരാജ് സിങ്. ഇന്ത്യയ്ക്ക് 400 ലധികം മത്സരങ്ങൾ കളിച്ചുവെങ്കിലും ഇന്ത്യൻ ക്യാപ്റ്റനാകുവാൻ താരത്തിന് സാധിച്ചിരുന്നില്ല. വൈസ് ക്യാപ്റ്റനായിരുന്നുവെങ്കിലും രാഹുൽ ദ്രാവിഡ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ എം എസ് ധോണിയെയാണ് ഇന്ത്യ ക്യാപ്റ്റനായി നിയമിച്ചത്. ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റനാകാൻ സാധിക്കാതീരുന്നതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ.

” ഞാനായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത്. എന്നാൽ അതിന് ശേഷമാണ് ഗ്രെഗ് ചാപ്പൽ വിവാദം ഉണ്ടായത്. അത് ഒടുവിൽ സച്ചിനോ ചാപ്പലോ എന്നായി മാറി. അന്ന് എൻ്റെ സഹതാരത്തെ (സച്ചിനെ) പിന്തുണച്ചത് ഞാൻ മാത്രമായിരുന്നു. ”

” അത് ബിസിസിഐയിലെ ചിലർക്ക് ഇഷ്ടപെട്ടില്ല. മറ്റാരെ ക്യാപ്റ്റനാക്കിയാലും എന്നെ ക്യാപ്റ്റനാക്കുകയില്ലെന്ന് അവർ തീരുമാനിച്ചതായി ഞാൻ അറിഞ്ഞു. അത് എത്രത്തോളം ശരിയാണെന്ന് എനിക്കുറപ്പില്ല. പെട്ടെന്ന് തന്നെ എന്നെ വൈസ് ക്യാപ്റ്റൻസിയിൽ നിന്നും മാറ്റി. സെവാഗ് ടീമിലുണ്ടായിരുന്നില്ല. അങ്ങനെ എവിടെനിന്നോ 2007 ടി20 ലോകകപ്പിൽ മഹി ക്യാപ്റ്റനായി. എന്നെ ക്യാപ്റ്റനാക്കുമെന്നാണ് ഞാൻ കരുതിയത്. ” യുവരാജ് സിങ് പറഞ്ഞു.

” വീരുവായിരുന്നു ടീമിലെ സീനിയർ, പക്ഷേ അദ്ദേഹം ഇംഗ്ളണ്ട് പര്യടനത്തിൽ ഉണ്ടായിരുന്നില്ല. രാഹുൽ ദ്രാവിഡ് ക്യാപ്റ്റനായിരുന്നപ്പോൾ ഞാനായിരുന്നു വൈസ് ക്യാപ്റ്റൻ. അതിനാൽ ക്യാപ്റ്റനാകേണ്ടത് ഞാനായിരുന്നു. പക്ഷേ അവരുടെ തീരുമാനം എനിക്കെതിരായി. പക്ഷേ അതിലെനിക്ക് ഖേദമില്ല. ഇന്ന് അന്ന് സംഭവിച്ച കാര്യം നടക്കുകയാണെങ്കിൽ ഞാൻ എൻ്റെ സഹതാരത്തെ തന്നെ പിന്തുണയ്ക്കും. ”

” കുറച്ചുകാലത്തിന് ശേഷം ക്യാപ്റ്റനായി മഹി മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നതെന്ന് എനിക്ക് തോന്നി. ഒരു പക്ഷേ ഏകദിനത്തിൽ ഇന്ത്യയെ നയിക്കാൻ യോഗ്യൻ അവൻ തന്നെയായിരുന്നു. പിന്നീട് എനിക്ക് ഒരുപാട് പരിക്കുകൾ പറ്റി. ക്യാപ്റ്റനായെങ്കിൽ കൂടിയും എനിക്കാ സ്ഥാനം ഒഴിയേണ്ടിവന്നേനെ. പരിക്കുകൾ കുറച്ചുകാലത്തേക്ക് എൻ്റെ ശരീരത്തെ ബാധിച്ചു. ”

” എല്ലാം സംഭവിക്കുന്നത് നല്ലതിന് വേണ്ടിയാണ്. ഇന്ത്യയുടെ ക്യാപ്റ്റനാകാൻ സാധിക്കാത്തതിൽ ഖേദമില്ല. അതൊരു വലിയ ബഹുമതി തന്നെയാണ്. എന്നാൽ എനിക്ക് എൻ്റെ സഹതാരമാണ് പ്രധാനം. അവൻ്റെ സ്വഭാവത്തെ കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാൽ എന്നും ഞാൻ സഹതാരത്തിനൊപ്പം നിലകൊള്ളും. ” യുവരാജ് സിങ് കൂട്ടിച്ചേർത്തു.