Skip to content

ബാബർ കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാൻ, ഷഹീൻ ബുംറയേക്കാൾ മികച്ച ബൗളർ, വലിയ അവകാശവാദവുമായി മുൻ പാകിസ്ഥാൻ താരം

പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം കോഹ്ലിയേക്കാൾ മികച്ച ബാറ്റ്സ്മാനാണെന്ന് മുൻ പാകിസ്ഥാൻ താരം ആഖിബ് ജാവേദ്. ഷഹീൻ അഫ്രീദിയും മൊഹമ്മദ് റിസ്വാനും ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരേക്കാൾ മികച്ച കളിക്കാരാണെന്നും ജാവേദ് പറഞ്ഞു.

” ഇപ്പോൾ ബാബർ കോഹ്ലിയേക്കാൾ മുന്നിലാണ്. കോഹ്ലി തൻ്റെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. എന്നാലിപ്പോൾ അവൻ്റെ ഗ്രാഫ് താഴ്ന്നുകൊണ്ടിരിക്കുന്നു. മറുഭാഗത്ത് ബാബർ അസം ഉയരങ്ങളിലേക്ക് പോവുകയാണ്. ” പാക് ന്യൂസ് ചാനലിൽ ജാവേദ് പറഞ്ഞു.

” ഷഹീൻ ബുംറയേക്കാൾ മികച്ച ബൗളറാണെന്ന് ഞാൻ കരുതുന്നു. കാരണം ഷഹീൻ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് ബുംറ അന്താരാഷ്ട്ര ക്രിക്കറ്റിൽ തൻ്റേതായ സ്ഥാനം കണ്ടെത്തിയിരുന്നു. ബുംറ ടെസ്റ്റിലും ടി20 യിലും മികച്ച പ്രകടനം പുറത്തെടുക്കുന്നുവെന്ന് ഷഹീൻ അഫ്രീദിയുടെ വിമർശകർ പറയാറുണ്ട്. എന്നാൽ ഇപ്പോൾ താനാണ് കൂടുതൽ മികച്ചവനെന്നും കൂടുതൽ ശേഷിയുള്ളത് തനിക്കാണെന്നും ഷഹീൻ തെളിയിച്ചു. ”

” ഇപ്പോൾ പന്തിനേക്കാൾ മികച്ച താരം റിസ്വാനാണ്. പന്ത് വളരെ കഴിവുള്ള കളിക്കാരനാണെന്നതിൽ സംശയമില്ല. പക്ഷെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന രീതിവെച്ചുനോക്കിയാൽ പന്ത് റിസ്വാനേക്കാൾ വളരെ പുറകിലാണ്. പന്ത് ആക്രമണോത്സുകനായ ബാറ്റ്സ്മാനാണെന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ ആക്രമണോത്സുകതയെന്നത് രണ്ട് വലിയ ഷോട്ടുകൾ കളിച്ച് പുറത്താവുകയെന്നതല്ല. ക്രീസിൽ നിന്നുകൊണ്ട് പോരാടി മത്സരം ഫിനിഷ് ചെയ്യുകയാണ് വേണ്ടത്. ” ജാവേദ് കൂട്ടിചേർത്തു.

പാകിസ്ഥാന് വേണ്ടി 22 ടെസ്റ്റ് മത്സരങ്ങളിലും 163 ഏകദിന മത്സരങ്ങളിലും കളിച്ച ജാവേദ് രണ്ട് ഫോർമാറ്റിൽ നിന്നുമായി 236 വിക്കറ്റ് നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിലെ മോശം ഫോമിനെ തുടർന്ന് ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും കോഹ്ലിയേക്കാൾ മുൻപിലാണ് ബാബർ അസമുള്ളത്. എന്നാൽ മറുഭാഗത്ത് ഏകദിന, ടെസ്റ്റ് റാങ്കിങിൽ ഷഹീൻ അഫ്രീദിയേക്കാൾ മുൻപിലാണ് ജസ്പ്രീത് ബുംറയുള്ളത്.