തകർന്നുതരിപ്പണമായി കൊൽക്കത്ത, വമ്പൻ വിജയം കുറിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ്, പോയിൻ്റ് ടേബിളിൽ ഒന്നാമത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 75 റൺസിൻ്റെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ 177 റൺസിൻ്റെ വിജയലക്ഷ്യം ഉയർത്തിയ ലഖ്നൗ മറുപടി ബാറ്റിങിനിറങ്ങിയ കെ കെ ആറിനെ 14.3 ഓവറിൽ വെറും 101 റൺസിന് ഓൾ ഔട്ടായി. സീസണിലെ എട്ടാം വിജയമാണ് ലക്നൗ കുറിച്ചത്. വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസിനെ പിന്നിലാക്കി ലഖ്നൗ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.

( Picture Source : IPL )

മൂന്നോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനും 2.3 ഓവറിൽ 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ജേസൺ ഹോൾഡറുമാണ് കൊൽക്കത്തയെ തകർത്തത്. മോഹ്സിൻ ഖാൻ, ചമീര, രവി ബിഷ്നോയ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

19 പന്തിൽ 3 ഫോറും 5 സിക്സുമടക്കം 45 റൺസ് നേടിയ ആന്ദ്രെ റസ്സൽ മാത്രമാണ് കൊൽക്കത്ത ബാറ്റിങ് നിരയിൽ തിളങ്ങിയത്. മൂന്ന് ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് രണ്ടക്കം കാണുവാൻ സാധിച്ചത്.

( Picture Source : IPL )

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 29 പന്തിൽ 50 റൺസ് നേടിയ ക്വിൻ്റൺ ഡീകോക്ക്, 27 പന്തിൽ 41 റൺസ് നേടിയ ദീപക് ഹൂഡ, 14 പന്തിൽ 28 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ് എന്നിവരുടെ മികവിലാണ് മികച്ച സ്കോറിലെത്തിയത്.

( Picture Source : IPL )

മത്സരത്തിലെ തോൽവിയോടെ കൊൽക്കത്തയുടെ പ്രതീക്ഷകൾ ഏറെകുറെ അവസാനിച്ചു. വിജയത്തോടെ ലഖ്നൗ സൂപ്പർ ജയൻ്റ്സ് പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. 11 മത്സരങ്ങളിൽ നിന്നും നാല് വിജയവുമായി പോയിൻ്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുള്ളത്.

( Picture Source : IPL )