Skip to content

അടുത്ത ഓവറിൽ സച്ചിൻ ആ 6 റൺസ് നേടിയേനെ, മുൽതാൻ ഡിക്ലയറേഷനെ കുറിച്ച് യുവരാജ് സിങ്

ക്രിക്കറ്റ് ആരാധകർക്കിടയിൽ ഇന്നും തർക്കങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കുന്ന ടെസ്റ്റ് മത്സരമാണ് 2004 ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മുൽതാൻ ടെസ്റ്റ്. ആ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഡബിൾ സെഞ്ചുറിയ്ക്ക് മുൻപേ ഇന്ത്യ ഡിക്ലയർ ചെയ്തത് ഇന്നും ആരാധകരുടെ ഓർമകളിൽ തങ്ങി നിൽക്കുന്ന രംഗമാണ്. ഇപ്പോൾ ആ ടെസ്റ്റ് മത്സരത്തെ തൻ്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്.

വീരേന്ദർ സെവാഗ് ട്രിപ്പിൾ സെഞ്ചുറി നേടിയ മത്സരത്തിൽ 675/5 എന്ന നിലയിൽ സച്ചിൻ 194 റൺസ് നേടിനിൽക്കവെ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഡിക്ലയർ ചെയ്യുകയായിരുന്നു. രാഹുൽ ദ്രാവിഡിൻ്റെ ഈ തീരുമാനം നിരവധി വിമർശനങ്ങൾക്ക് ഇടവെച്ചിരുന്നു. ഡിക്ലയർ ചെയ്ത തീരുമാനത്തിൽ താൻ നിരാശനായിരുന്നുവെന്ന് പിന്നീടൊരിക്കൽ സച്ചിൻ തുറന്നുപറയുകയും ചെയ്തു.

” വേഗത്തിൽ കളിക്കണമെന്നും ഡിക്ലയർ ചെയ്യാൻ പോവുകയാണെന്നുമുള്ള സന്ദേശം ഞങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാൽ അടുത്ത ഓവറിൽ 6 റൺസ് നേടി ഡബിൾ സെഞ്ചുറി പൂർത്തിയാക്കുമായിരുന്നു. ഡിക്ലയർ ചെയ്ത ശേഷം 8-10 ഓവറുകൾ ഞങ്ങൾ എറിഞ്ഞു. രണ്ടോവറുകൾ ആ മത്സരത്തിൽ മാറ്റം വരുത്തുമെന്ന് ഞാൻ കരുതുന്നില്ല. ” അടുത്തിടെ നടന്ന അഭിമുഖത്തിൽ യുവരാജ് സിങ് പറഞ്ഞു.

ആ മത്സരത്തിൽ ഒരു ഇന്നിങ്സിനും 52 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 375 പന്തിൽ 309 റൺസ് നേടിയ വീരേന്ദർ സെവാഗിൻ്റെയും 348 പന്തിൽ 194 റൺസ് നേടിയ സച്ചിൻ്റെയും മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. മറുപടിയായി ആദ്യ ഇന്നിങ്സിൽ 407 റൺസ് നേടി പുറത്തായ പാകിസ്ഥാൻ ഫോളോ ഓൺ ചെയ്യപെടുകയും തുടർന്ന് രണ്ടാം ഇന്നിങ്സിൽ 216 റൺസ് നേടി പുറത്താവുകയും ചെയ്തു.