ഇത് മധുരപ്രതികാരം, വാർണറിൻ്റെ മികവിൽ സൺറൈസേഴ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

സൺറൈസേഴ്സ് ഹൈദരാബാദിനെ 21 റൺസിന് പരാജയപെടുത്തി പ്ലേയോഫ് സാധ്യതകൾ സജീവമാക്കി റിഷഭ് പന്തും കൂട്ടരും. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 208 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് നേടാനെ സാധിച്ചുള്ളൂ.

( Picture Source : IPL )

34 പന്തിൽ 2 ഫോറും 6 സിക്സുമടക്കം 62 റൺസ് നേടിയ നിക്കോളാസ് പൂറാനും 25 പന്തിൽ 45 റൺസ് നേടിയ ഐയ്ഡൻ മാർക്രവും മാത്രമേ സൺറൈസേഴ്സ് ഹൈദരാബാദിനായി തിളങ്ങിയുള്ളൂ.

( Picture Source : IPL )

ഡൽഹി ക്യാപിറ്റൽസിന് വേണ്ടി ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റും ഷാർദുൽ താക്കൂർ രണ്ട് വിക്കറ്റും ആൻറിച്ച് നോർക്കിയ, മിച്ചൽ മാർഷ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 58 പന്തിൽ 12 ഫോറും 3 സിക്സുമടക്കം 92 റൺസ് നേടിയ ഡേവിഡ് വാർണർ, 35 പന്തിൽ 3 ഫോറും 6 സിക്സുമടക്കം 67 റൺസ് നേടിയ റോവ്മാൻ പവൽ എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. നാലാം വിക്കറ്റിൽ 122 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

( Picture Source : IPL )

നാലോവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാർ മാത്രമാണ് സൺറൈസേഴ്സ് ബൗളർമാരിൽ മികവ് പുലർത്തിയത്. സീസണിലെ അഞ്ചാം വിജയമാണ് മത്സരത്തിൽ ക്യാപിറ്റൽസ് നേടിയത്. വിജയത്തോടെ പോയിൻ്റ് ടേബിളിൽ അഞ്ചാം സ്ഥനത്തെത്താൻ പന്തിനും കൂട്ടർക്കും സാധിച്ചു. സീസണിലെ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങിയ സൺറൈസേഴ്സ് ആറാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

( Picture Source : IPL )

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top